ജന്മി വാഴ്ച കഴിഞ്ഞെങ്കിലും ഇപ്പോഴും ചര്‍ച്ചയാകുന്നത് കാര്യസ്ഥനും പരിവാരങ്ങളും; നിഗൂഢതയുടെ കേന്ദ്രമായ കൂടത്തില്‍ ഉമാമന്ദിരത്തില്‍ നടന്നത് എന്ത്; തലസ്ഥാനത്തെ ഞെട്ടിച്ച മരണങ്ങളില്‍ അടിമുടി ദുരൂഹത…

രാജഭരണവും ജന്മി വാഴ്ചയും നിലനിന്നിരുന്ന കാലത്താണ് വലിയ തറവാടുകളുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ കാര്യസ്ഥന്മാര്‍ എന്നു പറയുന്ന ഒരു വിഭാഗം ഉണ്ടായിരുന്നത്. തറവാടിന് എവിടെയൊക്കെ സ്വത്തുക്കളുണ്ടെന്ന കാര്യം തടവാട്ടിലെ കാരണവര്‍ക്കറിയില്ലെങ്കിലും കാര്യസ്ഥന്മാര്‍ക്ക് വസ്തുവിന്റെ ഓരോ ഇഞ്ചിനെക്കുറിച്ചും വ്യക്തമായറിയാമായിരുന്നു. ഈ ആധുനിക കാലത്തും ചില കാര്യസ്ഥന്മാര്‍ പല കാര്യങ്ങളും ചെയ്യുന്നു എന്ന വിവരമാണ് ഇപ്പോള്‍ തലസ്ഥാനത്തു നിന്നു വെളിയില്‍ വന്നുകൊണ്ടിരിക്കുന്നത്.

നിഗൂഢരഹസ്യങ്ങളുടെ കേന്ദ്രമാകുകയാണ് ഉമാമന്ദിരം. ഭൂമിയും കെട്ടിടങ്ങളുമായി കോടികളുടെ സ്വത്ത്. നാട്ടുകാര്‍ക്ക് ഉമാ മന്ദിരത്തിലേക്ക് പ്രവേശനമില്ല. തറവാട്ടില്‍ സര്‍വ സ്വാതന്ത്ര്യവുമുള്ളത് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കും അടുപ്പക്കാര്‍ക്കും മാത്രം. അകത്തു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പരിസരവാസികള്‍ക്ക് അറിയാവുന്നത് തീരെക്കുറച്ചു കാര്യങ്ങള്‍. ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങളുടെ പരമ്പരയില്‍ രണ്ടു വര്‍ഷം മുമ്പായിരുന്നു അവസാനത്തെ മരണം. കൂടത്തില്‍ ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍ നാരായണപിള്ളയുടെ മകനും തറവാട്ടു സ്വത്തുക്കളുടെ ഏക അവകാശിയുമായ ജയമാധവന്‍ നായര്‍ ആയിരുന്നു ആ ഏഴാമന്‍. ജയമാധവന്റെ മരണശേഷം കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ വ്യാജരേഖയുണ്ടാക്കി സ്വത്തുക്കള്‍ കൈക്കലാക്കിയെന്നാണ് പരാതി. ജയമാധവന്റെ മരിച്ചതിനു ശേഷം കൂടത്തില്‍ തറവാട്ടിലേക്ക് ബന്ധുക്കളുടെ വരവു നിലച്ചു.

അവസാനത്തെ അവകാശിയും മരണമടഞ്ഞതോടെ വീട് കാടുപിടിച്ച് പ്രേതഭവനമായി. ഓടുപാകിയ വീടിന്റെ മേല്‍ക്കൂര ദ്രവിച്ച് വെള്ളമിറങ്ങി ചുവരുകള്‍ ഇടിഞ്ഞു. വരാന്തയിലും അകത്തെ മുറിയിലുമായി പഴക്കംചെന്ന കുറേ വീട്ടുപകരണങ്ങളും കവറിലാക്കിയ കുറേ പുസ്തകങ്ങളും മാത്രം. ചുവരില്‍ കുടുംബാംഗങ്ങളുടെ ഫോട്ടോകള്‍. ദൂരെ താമസമുള്ള ഒരു ബന്ധു ഇടയ്ക്ക് കരമനയിലെത്തി കൂടത്തില്‍ തറവാടിന്റെ ഗേറ്റ് തുറന്നു നോക്കും.കാലടിയിലും വെള്ളായണിയിലും ഇരുമ്പുപാലത്തും കാരയ്ക്കാമണ്ഡപത്തുമായി ഏക്കറു കണക്കിന് ഭൂമിയുണ്ട് കൂടത്തില്‍ തറവാടിന്റേതായി. തിരുവനന്തപുരത്തു തന്നെ പലേടത്തായി വീടുകള്‍. വലിയ ഭൂസ്വത്തുണ്ടെന്ന് നാട്ടുകാര്‍ക്ക് അറിയാമെന്നല്ലാതെ അതെല്ലാം ആരുടെ പേരിലെന്നോ, ആര് ആര്‍ക്ക് ഇഷ്ടദാനം നല്‍കിയെന്നോ ആര്‍ക്കുമറിയില്ല.

ഗോപിനാഥന്‍ നായരുടെ സഹോദരനായ വേലുപ്പിള്ളയുടെ ഭാര്യ പ്രസന്നകുമാരി നല്‍കിയ പരാതിയെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പുതന്നെ ക്രൈംബ്രാഞ്ച് സംഘം രഹസ്യാന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഒരേ കുടുംബത്തിലെ ഏഴു മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് എങ്കിലും ലോക്കല്‍ പൊലീസ് കേസ് അവഗണിച്ചു. എന്നാല്‍ ഇപ്പോള്‍ ആ ദുരൂഹമരണങ്ങളുടെ പിന്നാമ്പുറക്കഥകള്‍ തേടുകയാണ് പോലീസ്. കൂടത്തായി കേസിലേതു പോലെ, വ്യാജ വില്‍പ്പത്രമുണ്ടാക്കി 30 കോടിയിലധികം രൂപ വിലവരുന്ന ഭൂസ്വത്തുക്കള്‍ കാര്യസ്ഥന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്വേഷണം.

കരമന കാലടി ഉമാമന്ദിരത്തില്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കള്‍ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണിക്കഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരന്‍ നാരായണ പിള്ളയുട മകന്‍ ജയമാധവന്‍ നായര്‍ എന്നിവരാണ് 1991 മുതല്‍ 2017 വരെ 26 വര്‍ഷത്തിനിടെ പല കാലത്തായി മരണമടഞ്ഞത്. 1998 ല്‍ ഗോപിനാഥന്‍ നായരുടെ മരണംതൊട്ടുള്ള സംഭവപരമ്പരകളിലാണ് സംശയം.

ഗോപിനാഥന്‍നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ നായരുടെ ഭാര്യ പ്രസന്നകുമാരി, പൊതുപ്രവര്‍ത്തകനായ അനില്‍കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് വെവ്വേറെ നല്‍കിയ പരാതിയിലാണ് ഉമാമന്ദിരത്തിലെ മരണങ്ങളില്‍ ദുരൂഹത ആരോപിക്കപ്പെടുന്നത്. ഈ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം തകൃതിയായി നടക്കുന്നത്. കൂടം തറവാട്ടിലെ എല്ലാ കഥകളും പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഏഴു പേരും ഒരേരീതിയിലാണ് മരണപ്പെട്ടതെന്നതും എല്ലാവര്‍ക്കും മാനസിക രോഗമുണ്ടായിരുന്നെന്ന പ്രചാരണവും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

Related posts