കോട്ടയം ചിങ്ങവനത്ത് റെയില്‍വേ പാളത്തില്‍ കടുവ! സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച സന്ദേശങ്ങളിലും ചിത്രങ്ങളിലും പരിഭ്രാന്തരായി നാട്ടുകാര്‍; രംഗം ശാന്തമായത് സത്യാവസ്ഥ സ്ഥിരീകരിച്ചതിനുശേഷം

കോട്ടയം ചിങ്ങവനത്ത് റെയില്‍വേ പാളത്തില്‍ കടുവയെ കണ്ടെന്നു സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പ്രചരിച്ചതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ പലസ്ഥലങ്ങളിലും തിരക്കിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ചൊവ്വാഴ്ച വൈകുന്നേരം കോട്ടയത്തും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലായി സന്ദേശം പ്രചരിച്ചത്. കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയില്‍ കടുവയെ കണ്ടെന്നായിരുന്നു സന്ദേശം.

കടുവ റെയില്‍ പാളം മുറിച്ചു കടക്കുന്ന ചിത്രമാണ് സന്ദേശത്തോടൊപ്പം പ്രചരിച്ചത്. വാര്‍ത്തകളെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ പലരും രാത്രിയില്‍ പുറത്തിറങ്ങിയതുമില്ല. നേരത്തെ പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെ അജ്ഞാതജീവി വലിയ തോതില്‍ കൊന്നിരുന്നു. വനംവകുപ്പ് പല തവണ കെണികള്‍ സ്ഥാപിച്ച് ഇവയെ കുടുക്കാന്‍ ശ്രമം നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. മുന്‍ അനുഭവങ്ങള്‍ കൂടിയായപ്പോള്‍ ആളുകളുടെ ഭയം ഇരട്ടിക്കുകയും ചെയ്തു. ഏതായാലും വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് ആളുകള്‍ സ്വസ്ഥരായത്.

 

Related posts