ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരികെ കൊണ്ടുപോയതതോടെ പാവപ്പെട്ട രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് കോൺഗ്രസ് ആരോപിച്ചു.
സ്വന്തം നിയോജകമണ്ഡലത്തിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരികെക്കൊണ്ടുപോയത് മന്ത്രി വി.എൻ. വാസവന്റെ പിടിപ്പുകേടാണെന്ന് കോൺഗ്രസ്.
മുടങ്ങിയ ശസ്ത്രക്രിയകൾ ഉടൻ ആരംഭിച്ച് രോഗികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ തുടങ്ങുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി എന്നിവർ അറിയിച്ചു.
യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
കോട്ടയം: കുടിശിക നല്‍കാത്തതിന്റെ പേരില്‍ തിരിച്ചുകൊണ്ടുപോയ ഹൃദയശസ്ത്രക്രിയ ഉപകരണങ്ങള്‍ തിരികെയെത്തിക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങി യുഡിഎഫ് ജില്ലാ കമ്മറ്റി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി നടക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടായിരിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ ഉപരോധ സമരം സംഘടിപ്പിക്കുമെന്നും ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് അറിയിച്ചു.
ചെയര്മാന് ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അസീസ് ബഡായില്‍, ജെയ്സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.