കോട്ടയം: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിലെ പ്രതി ഭർത്താവ് സാം കെ.ജോർജിന്റെ കപ്പടക്കുന്നേൽവീട് നിഗൂഡതകളാൽ നിറഞ്ഞത്. ചുറ്റിനും മരങ്ങളും ചെടികളാലും നിറഞ്ഞ വീടിന് പകൽ വെളിച്ചത്തിൽ പോലും ഇരുളിമയാണ്.
ഗേറ്റ് വരെ പടർന്ന് പന്തലിച്ചു നിൽക്കുന്ന വള്ളിച്ചെടികളാൽ ഗേറ്റ് പോലും മറഞ്ഞ് നിൽക്കുന്നു. ചുറ്റും കാട് പിടിച്ചത് പോലെ ആയതിനാൽ അങ്ങനൊരു വീട് അവിടെ ഉണ്ടോയെന്ന് പോലും കാണാൻ സാധിക്കില്ല. ഏറ്റുമാനൂർ കുറവിലങ്ങാട് റോഡിൽ രത്നഗിരി പള്ളിക്ക് സമീപം അൽഫോൺസാ സ്കൂളിനോട് ചേർന്ന് റോഡരികിലാണ് ഇരുനിലക്കെട്ടിടം.
അയൽക്കാരുമായി അത്ര നല്ല രസത്തിലായിരുന്നില്ല ഇയാൾ. ബന്ധുക്കളെയും അകറ്റി നിർത്തിയിരുന്നു. കാട് വെട്ടിത്തെളിക്കാൻ ഭാര്യ പല തവണ ശ്രമിച്ചെങ്കിലും അതിനൊന്നും ഇയാൾ സമ്മതിച്ചിരുന്നില്ല. കാട് മൂടിക്കിടക്കുന്നതിനാലാണ് സിറ്റൗട്ടിൽ അത്രയും വലിയ മൽപ്പിടുത്തം നടന്നിട്ടും നാട്ടുകാർ വിവരം അറിയാതെ പോയത്.
സാമിന് പരസ്ത്രീ ബന്ധമുള്ളത് ഭാര്യ ചോദ്യം ചെയ്തിരുന്നു. ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളിൽ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കൾ നഷ്ടമാകുമെന്നും കരുതിയായിരിക്കാം കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം.