കെഎസ്ആര്‍ടിസിയുടെയും ജീവനക്കാരുടെയും നന്മ പ്രവര്‍ത്തികള്‍ അവസാനിക്കുന്നില്ല! വിജന സ്ഥലത്ത് ഒറ്റപ്പെട്ട വീട്ടമ്മയ്ക്കും കാവലായി ആനവണ്ടി; ഇരിങ്ങാലക്കുട സ്വദേശിനി അനുഭവിച്ചറിഞ്ഞ ആ നന്മ ഇങ്ങനെ

നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ കൊണ്ട് അടുത്തകാലത്ത് ചില കെഎസ്ആര്‍ടിസി ജീവനക്കാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈരാറ്റുപേട്ടയില്‍ ഒരു പെണ്‍കുട്ടിയ്ക്ക് കെഎസ്ആര്‍ടിസി ബസ് ചങ്കായതും കൊല്ലത്ത് മറ്റൊരു പെണ്‍കുട്ടിയ്ക്ക് ബസ് ജീവനക്കാര്‍ ആങ്ങളയായതും തുടങ്ങി പലതും. വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ടു പോയ ഒരു പെണ്‍കുട്ടിയ്ക്ക് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ടായ സംഭവമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംഭവമിങ്ങനെ…

ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജരുമായ റെജി തോമസിനാണു ബസ് ജീവനക്കാര്‍ തുണയായത്. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നു മൈസൂരുവിലേക്കു പോകുന്ന ബസില്‍ ഇരിങ്ങാലക്കുടയ്ക്കു പുറപ്പെട്ട റെജി ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ ചാലക്കുടി പനമ്പിള്ളി കോളജ് സ്റ്റോപ്പില്‍ ഇറങ്ങി.

എന്നാല്‍ റെജിയെ കൊണ്ടുപോകാന്‍ ഭര്‍ത്താവ് സ്റ്റോപ്പില്‍ എത്തിയിരുന്നില്ല. വിജനമായ സ്റ്റോപ്പില്‍ ആ സമയത്തു യുവതിയായ വീട്ടമ്മയെ ഒറ്റയ്ക്കു നിര്‍ത്തുന്നതു സുരക്ഷിതമല്ലെന്നു തോന്നിയ ബസ് ഡ്രൈവറും കണ്ടക്ടറും ഭര്‍ത്താവ് വരുന്നതു വരെ ബസ് നിര്‍ത്തി കാത്തു നിന്നു. യാത്രക്കാരും ജീവനക്കാരുടെ നടപടിയെ പിന്തുണച്ചു. പിന്നീടു പത്തു മിനിറ്റ് കഴിഞ്ഞു ഭര്‍ത്താവെത്തി റെജിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണു ബസ് ജീവനക്കാര്‍ യാത്ര തുടര്‍ന്നത്. എന്നാല്‍ തന്നെ സുരക്ഷിതമായി ഭര്‍ത്താവിന്റെ കൈകളില്‍ ഏല്‍പ്പിച്ച ബസ് ജീവനക്കാരുടെ പേരുകള്‍ പ്രകാശ്, ഹനീഷ് എന്നാണെന്നു മാത്രമാണ് ഈ വീട്ടമ്മയ്ക്ക് അറിയാവുന്നത്. ഇതുപോലുള്ള നന്മ നിറഞ്ഞവര്‍ ഇനിയുമുണ്ടാവട്ടേ, എല്ലാമേഖലയിലും..

Related posts