ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന ബജറ്റ് ടൂറിസത്തിനൊപ്പം ബജറ്റ് സ്റ്റേയും ഒരുക്കും. ഒന്നിലധികം ദിവസം നീണ്ടുനില്ക്കുന്ന വിനോദ സഞ്ചാരത്തിനാണ് താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കുന്നത്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോട്ടലുകളുമായി സഹകരിച്ചാണ് താമസ ഭക്ഷണ സൗകര്യം ഒരുക്കുന്നത്.
ഒന്നിലധികം ദിവസം നീണ്ടുനില്ക്കുന്ന ബജറ്റ് ടൂറിസം പരിപാടിയിൽ വിനോദ സഞ്ചാരികൾ തന്നെ രാത്രി താമസത്തിന് മുറി കണ്ടെത്തുകയും വാടകയ്ക്ക് എടുക്കുകയും വേണമായിരുന്നു. ഇത് വിനോദ സഞ്ചാരികൾക്കു ബുദ്ധിമുട്ടായി മാറുന്നതിനാലാണ് ബജറ്റ് സ്റ്റേ സൗകര്യമൊരുക്കുന്നത്.
നിലവിൽ കെഎസ്ആർടിസി മൂന്നാർ, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ സ്വന്തമായി താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ടിടത്തും പഴയ ബസുകൾ മുറികളാക്കിയാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി ഡോർമെറ്ററിയുടെ നിർമാണം നടന്നുവരികയാണ്. നെല്ലിയാമ്പതിയിൽ ഒരു ഹോട്ടലുമായി സഹകരിച്ച് ബജറ്റ് സ്റ്റേ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബജറ്റ് ടൂറിസം സെൽ റിസോർട്ട് ടൂറിസത്തിലേക്കും നീങ്ങുന്നുണ്ട്. പാലക്കാട് ജില്ലയിലെ സൈലന്റ് വാലിക്ക് സമീപം അട്ടപ്പാടിയിൽ ഒരു റിസോർട്ടുമായി റിസോർട്ട് ടൂറിസത്തിന് കരാറായിട്ടുണ്ട്. ഈ റിസോർട്ടുമായി സഹകരിച്ച് റിസോർട്ട് ടൂറിസത്തിന് തുടക്കമിട്ടു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ബജറ്റ് സ്റ്റേ ഒരുക്കും.
ഹോട്ടലുകളിൽ നിന്നും താത്പര്യപത്രം സ്വീകരിച്ച് കെഎസ്ആർടിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന, പരമാവധി തുക കുറച്ച് സേവനത്തിന് തയാറാകുന്ന ഹോട്ടലുകളിലാണ് ബജറ്റ് സ്റ്റേ ഒരുക്കുന്നത്.
പ്രദീപ് ചാത്തന്നൂർ