ചാത്തന്നൂർ: വാഹന നികുതി അടയ്ക്കാത്ത, നിരത്തിലൂടെ സർവീസ് നടത്താൻ അനുവാദമില്ലാത്ത, ഇൻഷ്വറൻസു പോലുമില്ലാത്ത ബസുകളാണ് കെഎസ്ആർടിസി സർവീസിന് ഉപയോഗിക്കുന്നതിൽ നല്ലൊരു ശതമാനവും. യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി ബസുകൾ എന്ന് വ്യക്തമാകുന്നു.
കെഎസ്ആർടിസിയുടെ കട ബാധ്യതകൾ കുറഞ്ഞുവരികയും പരിഷ്കരണ നടപടികൾ ഫലം കാണുകയും ചെയ്യുന്നുവെന്ന് വകുപ്പു മന്ത്രി കെ.ബി. ഗണേശ് കുമാർ അവകാശപ്പെടുമ്പോഴാണ് ബസുകളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുന്നത്. ആയിരത്തിലേറെ ബസുകളാണ് യാത്രക്കാരുടെ ജീവൻ പന്താടി കൊണ്ട് ഇങ്ങനെ നിരത്തുകളിലൂടെ ഓടുന്നത്.
ഇത്തരം ബസുകൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് യാതൊരു വിധ ആനുകൂല്യങ്ങളും നിയമപരമായി ലഭിക്കാൻ അർഹതയില്ല. എട്ടര വർഷം മാത്രം പഴക്കമുള്ള ആറ്റിങ്ങൽ ഡിപ്പോയിലെ ഒരു ബസ് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. 2017 ൽ രജിസ്ട്രേഷൻ നടത്തി സർവീസ് ആരംഭിച്ച ഈ ബസിന്റെ പെർമിറ്റ് 2023 ഫെബ്രുവരിയിൽ അവസാനിച്ചതാണ്. 2023- ന് ശേഷം ഈ ബസ് ഇൻഷ്വർ ചെയ്തിട്ടുമില്ല.
2023 ഡിസംബറിലാണ് വാഹനനികുതി അവസാനമായി അടച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ബസുകളാണ് യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തുന്നത്.ഇത്തരത്തിൽ എത്ര ബസുകളുണ്ടെന്ന് വ്യക്തമാക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറായില്ല. ആയിരത്തിലധികം ബസുകൾ നിരത്തിലോടുന്നുണ്ടെന്നാണ് അനൗദ്യോഗികമായി അറിയുന്നത്.
ശബരിമല ഉത്സവകാലം ആ സന്നമായതിനാൽ 1142 ബസുകൾ സി.എഫ് (സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നെസ് ) നവംബർ 15 നകം നടത്തണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. നിയമപരമായ എല്ലാ രേഖകളും ഉണ്ടെങ്കിൽ മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. 15 വർഷം തികയ്ക്കാത്ത ബസുകളാണ് ടാക്സ് ഒടുക്കാതെയും പെർമിറ്റും ഇൻഷ്യുറൻസുമില്ലാതെയും ഓടുന്നത്. ഇതിലധികവും ഫാസ്റ്റ് പാസഞ്ചറുകളാണ്.
- പ്രദീപ് ചാത്തന്നൂർ

