തിരുവനന്തപുരം: ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം നൽകാൻ സർക്കാരിനോട് 50 കോടി രൂപ സഹായം തേടി കെഎസ്ആർടിസി മാനേജ്മെന്റ്.
ഒക്ടോബർ 5ന് തന്നെ ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല ടി ഡി എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും.
പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കുന്നവരെ നേരിടാൻ ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബർ മാസത്തെ ശമ്പളം തടയുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നാളെ മുതൽ നടപ്പിലാക്കി തുടങ്ങും. പാറശ്ശാല ഡിപ്പോയിലാണ് ആദ്യഘട്ടത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക.
8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.
സി ഐ ടി യു ഇത് അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി.