ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ഏവരുടേയും മനം കവർന്നൊരു കച്ചവടക്കാരി പെൺകുട്ടിയുണ്ട്. ചാര നിറമുള്ള ആരെയും ആകർഷിക്കുന്ന അവളുടെ കണ്ണുകൾ മനസിൽ ഇപ്പോഴും മായാതെ കിടക്കുന്നു എന്നാണ് അവളെ കണ്ടവർ ഒന്നടങ്കം പറയുന്നത്. മോനി ഭോസ്ലേ എന്ന പെൺകുട്ടിയാണ് ആ മാൻപേട മിഴിയുള്ളവൾ. ആളുകൾ അവളെ മൊണാലിസയോട് ഉപമിച്ചു.
തന്റെ കുടുംബത്തോടൊപ്പം കുംഭമേളയിൽ മാല വിൽപനയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി. അവളുടെ സൗന്ദര്യത്തിൽ വീണ് നിരവധി ആളുകൾ ചുറ്റും കൂടി. ചാനലുകാരും ഓൺലൈൻ മീഡിയകളും ആ സുന്ദരിയുടെ ഇന്റർവ്യൂവിനായി ക്യൂ നിന്നു. ആരാധകരുടെ അതിരു കവിഞ്ഞ സ്നേഹം കാരണം അവളെ സ്വന്തം നാട്ടിലേക്ക് പിതാവ് മടക്കി അയച്ചു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
മോനിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഒറ്റ ദിവസം കൊണ്ട് രണ്ട് ലക്ഷം ഫോളോവേഴ്സ് ആണ് കൂടിയത്. ഇതോടെ വിദേശ മാധ്യമങ്ങളിലടക്കം അവളുടെ സൗന്ദര്യത്തെ കുറിച്ച് വാര്‍ത്തയായി. മൊണാലിസ മേളയില്‍ തുടരുന്നത് നല്ലതല്ലെന്നും ഇന്‍ഡോറിലേയ്ക്ക് മടങ്ങുന്നതാണ് അവളുടെ ക്ഷേമത്തിനും ഉപജീവനത്തിനുമുള്ള ഏറ്റവും നല്ല നടപടിയെന്നും പിതാവ് പറഞ്ഞു.