തുറവൂർ: അടിപിടിക്കേസിൽ പ്രതിയായ യുവാവിനെ തിരക്കിയെത്തിയ കുത്തിയതോട് പോലീസ് വീട്ടിൽ അതിക്രമം കാട്ടിയതായി പരാതി. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് മേനാശേരി രത്നഭവനത്തിൽ ബിന്ദുവാണ് ചേർത്തല എഎസ്പിക്ക് പരാതി നൽകിയത്.
ചൊവ്വാഴ്ച രാവിലെയാണ് പരാതിക്കാസ്പദമായ സംഭവം. തുറവൂർ ക്ഷേത്രത്തിൽ ദീപാവലി ഉത്സവത്തിനിടെയുണ്ടായ അടിപിടിയിൽ ബിന്ദുവിന്റെ മകൻ കാശിനാഥ് (21) ഒന്നാം പ്രതിയാണ്. കാശിനാഥിനെ തിരക്കിയാണ് മൂന്നു പോലീസുകാർ വീട്ടിലെത്തിയത്.
പോലീസിനെ കണ്ട കാശിനാഥ് പിൻവാതിലിലൂടെ ഇറങ്ങി ഓടി. കാശിനാഥിനെ കിട്ടാത്ത വൈരാഗ്യത്തിന് പോലീസ് അതിക്രമം കാണിക്കുകയായിരുന്നു. അടുക്കളയിൽ വച്ചിരുന്ന ചോറും കറിയും വാരി വിതറി, കാശിയുടെ വസ്ത്രങ്ങൾ നശിപ്പിക്കുകയും ഗൃഹോപകരണങ്ങൾക്ക് കേടുപാടു വരുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
എന്നാൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്നാണ് അന്വേഷിച്ചെത്തിയതെന്നും പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുത്തിയതോട് എസ്എച്ച്ഒ എം. അജയമോഹൻ പറഞ്ഞു.

