മങ്കൊമ്പ്: കുട്ടനാട്ടിലെ നെൽ കാർഷികമേഖല നേരിടുന്ന പ്രതിസന്ധികൾ ചർച്ചചെയ്യാൻ 30ന് തിരുവനന്തപുരത്ത് കൃഷിമന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന്, മന്ത്രിയെ സന്ദർശിച്ചു നിവേദനം നൽകിയ പാടശേഖര പ്രതിനിധികൾ അറിയിച്ചു. കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ അഡ്വ. മുട്ടാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിനാണ് മന്ത്രി ഉറപ്പു നൽകിയത്.
വിവിധ വകുപ്പുകളുടെ പ്രതിനിധികളെയും യോഗത്തിൽ പങ്കെടുപ്പിക്കുമെന്ന് മന്ത്രി അറിയിച്ചതായി നിവേദക സംഘം വ്യക്തമാക്കി.
കോർഡിനേറ്റർ ഫ്രാൻസിസ് ദേവസ്യ, ഇ ബ്ലോക്ക് ഇരുപത്തി നാലായിരം കായൽ പ്രസിഡന്റ് റെജികുമാർ, വടക്കേ ആറായിരം കായൽ പ്രസിഡന്റ് സിബിച്ചൻ തറയിൽ, ഐ ബ്ലോക്ക് സെക്രട്ടറി റാഫി മോഴൂർ തുടങ്ങിയവരാണ് കഴിഞ്ഞദിവസം മന്ത്രിയുമായി നടന്ന ചർച്ചകളിൽ പങ്കെടുത്തത്.
കുട്ടനാട്ടിൽ താമസിക്കുന്ന സാധാരണക്കാരുടെ അതിജീവനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുമെന്ന് കോർഡിനേറ്റർ അറിയിച്ചു. കുട്ടനാടന് പാടശേഖരപ്രദേശങ്ങളില് നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിച്ചാൽ നടപ്പാക്കാനാവുന്ന, ജലനിരപ്പുക്രമീകരണത്തിലൂടെയുള്ള വെള്ളക്കെട്ടുദുരിതനിവാരണമുൾപ്പെടെയുള്ള ജനകീയ ആവശ്യങ്ങൾ, വകുപ്പുകളുടെ ഏകോപനവും ഭരണതല തീരുമാനങ്ങളും ഉണ്ടായെങ്കിൽ മാത്രമേ പ്രായോഗികമാവുകയുള്ളൂ.
നിലവിലുള്ള ചട്ടമനുസരിച്ച് നെൽകൃഷി ഉള്ളപ്പോൾ മാത്രമാണ്, പമ്പിംഗിനുള്ള വൈദ്യുതി കണക്ഷനും സബ്സിഡിയും മറ്റ് സഹായങ്ങളുമൊക്കെ സർക്കാർ ലഭ്യമാക്കാറുള്ളത്.രണ്ടാം കൃഷിയില്ലാത്ത പാടശേഖരപ്രദേശങ്ങളിൽ പമ്പിംഗ് നിലയ്ക്കുമെന്നതിനാൽ, വെള്ളക്കെട്ട് ദുരിതങ്ങൾ ആവർത്തിക്കുന്നതിപ്പോൾ പതിവാണ്. നെല്ലിനൊപ്പം മറ്റുവിളകളെയും കൃഷിയായി തന്നെകണ്ടു സംരക്ഷിക്കുകയും ദുരിതനിവാരണത്തിന് മുൻഗണന നൽകി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്താൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്.
മാറുന്ന ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായി സർക്കാർ നയങ്ങളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തി, സുരക്ഷിതമായി ജീവിക്കുന്നതിനും കൃഷി ചെയ്യുന്നതിനുമുള്ള സാഹചര്യങ്ങൾ ഉറപ്പുവരുത്തണമെന്നതാണ് കുട്ടനാട്ടുകാരുടെ ആവശ്യം.