രാജ്യം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ച നാട്ടുവൈദ്യ ചികിത്സക ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് സ്വന്തം വീടെന്ന സ്വപ്നം പൂവണിയുന്നു. ഒടിയന് സിനിമയുടെ സംവിധായകന് ശ്രീകുമാര്‍ മേനോനാണ് പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വീട് നിര്‍മ്മിച്ചു നല്കാന് തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ രണ്ട് മെഗാ ബജറ്റ് ചിത്രങ്ങളുടെയും സംവിധായകനാണ് ശ്രീകുമാര്‍ മേനോന്. ആയിരം കോടി മുടക്കി നിര്‍മ്മിക്കുന്ന എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴത്തിന്റെ സംവിധായകനും ശ്രീകുമാര്‍ തന്നെയാണ്.
നാട്ടറിവുകളും ഗ്രന്ഥശേഖരവും സൂക്ഷിക്കാന്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വീടില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സഹായവുമായി ശ്രീകുമാര്‍ മേനോന് എത്തിയിരിക്കുന്നത്. വനമധ്യത്തില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയാകും വീട് നിര്‍മ്മിക്കുകയെന്നും ശ്രീകുമാര്‍ പറഞ്ഞു. അടുത്ത മാസം വീടിന്റെ നിര്‍മ്മാണം ആരംഭിക്കും. പ്രമുഖ ആര്‍കിടെക്ട് പദ്മശ്രീ ശങ്കറാണ് വീട് രൂപകല്‍പ്പന ചെയ്യുന്നത്.
ലക്ഷ്മിക്കുട്ടിയമ്മയുടെ ഗ്രന്ധശേഖരം സൂക്ഷിക്കുന്നതിനായി ഒരു മ്യൂസിയം നിര്‍മ്മിക്കണമെന്ന് അരുവിക്കര എം.എല്‍.എ കഴിഞ്ഞ ദിവസം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ ശ്രീകുമാര്‍ മേനോനും ശങ്കറും കല്ലാറിലെ ലക്ഷ്മിക്കുട്ടിയമ്മയുടെ ഊരിലെത്തുന്നുണ്ട്. വീടിന്റെ രൂപകല്പനയും തുടര്‍കാര്യങ്ങളും അതിനു ശേഷമാകും തീരുമാനിക്കുക. നിലവില്‍ വീടുപണി തുടങ്ങിവയ്ക്കാന്‍ മാത്രമേ ലക്ഷ്മിക്കുട്ടിമ്മയ്ക്ക് സാധിച്ചിരുന്നുള്ളൂ.