തലശേരി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കടൽത്തീരത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 28 ന് കോടതി വിധി പറയും. സംഭവം നടന്ന് 17 വർഷത്തിനു ശേഷമാണ് കോടതി ഈ കേസിൽ വിധി പറയുന്നത്. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ തലായിയിലെ കെലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അഡീഷണൽ ജില്ലാ സെഷൻസ് 28 ന് വിധി പറയുക. 64 സാക്ഷികളാണ് കേസിലുള്ളത്.
ഇതിൽ 30 സാക്ഷികളെ വിസ്തരിച്ചു. 90 രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 2020 ജനുവരി എട്ടിനാണു വിചാരണ ആരംഭിച്ചത്. 2025 ഏപ്രിൽ 25വരെ സാക്ഷിവിസ്താരം തുടർന്നു 2008 ഡിസംബർ 31നാണ് ലതേഷ് കൊല്ലപ്പെട്ടത്. ചക്യത്തുമുക്ക് കടപ്പുറത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കെ. ലതേഷിനെ (28) വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്തായ മോഹൻലാൽ എന്ന ലാലുവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്നുമാണ് കേസ്.
ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ കുന്നുംപുറത്ത് അജേഷ് ഉൾപ്പെടെ 11 പ്രതികളാണുള്ളത്. ആർഎസ്എസ്–ബിജെപിക്കാരായ സുമിത്ത് എന്ന കുട്ടൻ, എ.കെ. പ്രജീഷ് ബാബു എന്ന പ്രജീഷ്, നിധിൻ എന്ന നിധു, സനൽ, സ്മിജേഷ്, സജീഷ്, എ.ടി.വി. ജയേഷ്, സന്തോഷ്കുമാർ എന്ന ജുഗ്നു, ശരത്ത് എന്ന ബംഗാളി ശരത്ത്, സനീഷ് എന്നിവരാണു മറ്റു പ്രതികൾ.

