കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്നബാധിത മേഖലയിലുൾപ്പെടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തയാറെടുത്ത് ബിഎസ്എഫ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ പ്രചാരണഘട്ടങ്ങളിലും മറ്റും ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധങ്ങളും സംഘർഷങ്ങളുമുണ്ടാകുമ്പോൾ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കുന്നതിനും മറ്റു ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് 7,500 ടിയർ സ്മോക് മ്യൂണിഷൻ (ടിഎസ്എം) വാങ്ങുന്നത്.
ഗ്വാളിയർ തെക്കൻപുർ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ടിയർ സ്മോക്ക് യൂണിറ്റില്‍ നിന്ന് 77,12,070 രൂപ ചെലവഴിച്ചാണ് ആഭ്യന്തരവകുപ്പ് ഇവ വാങ്ങുന്നത്.കണ്ണീർവാതകഷെൽ വാങ്ങുന്നതിനായി ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തുക അനുവദിച്ചത്.
അക്രമാസക്തരായ ജനക്കൂട്ടത്തെ ഏറ്റവും കുറഞ്ഞ ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുന്നതിനായാണ് ടിഎസ്എം ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ജലപീരങ്കിയാണ് പ്രയോഗിക്കുന്നത്. പിരിഞ്ഞുപോകാത്തപക്ഷം കണ്ണീർവാതകം ഉപയോഗിക്കും. ഗ്യാസ് പുറത്തായാൽ 10 മിനിറ്റോളം കണ്ണ് പുകയുകയും തുറക്കാൻ പറ്റാത്ത സ്ഥിതിയിലാവുകയും ചെയ്യും.
ഏഴ് മുതൽ 15 സെക്കൻഡിനുള്ളിൽ ഇവ പൊട്ടും. ജനക്കൂട്ടത്തിനുനേരേ ഇവ 45 ഡിഗ്രിയിലാണെറിയുന്നത്. ഇതിനായി ഡിഎച്ച്ക്യുവിലുള്ള പോലീസുകാര്‍ക്കും സ്റ്റേഷനിലുള്ള പോലീസുകാര്‍ക്കും ഇടയ്ക്കിടെ പരിശീലനവും നൽകുന്നുണ്ട്.പുതുതായി കേരളത്തിലെത്തിക്കുന്ന ടിഎസ്എം പോലീസുകാര്‍ക്കും ആസ്ഥാനത്ത് നിന്ന് എല്ലാ പോലീസ് ജില്ലകൾക്കും കൈമാറും.
തദ്ദേശതെരഞ്ഞെടുപ്പിനു മുന്നോടിയായി ഇവ വിതരണം ചെയ്യും. പ്രതിഷേധ മാർച്ചുകളും മറ്റു സംഘർഷങ്ങളുമുണ്ടാകുമ്പോൾ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി കണ്ണീർവാതക ഷെല്ലുകൾ എറിഞ്ഞാലും പലതും പ്രവർത്തിക്കാറില്ലെന്നും പൊട്ടാത്ത കണ്ണീർവാതക ഷെല്ലുകൾ പ്രതിഷേധക്കാർ കൈയിലെടുത്ത് പോലീസിനു നേരേ എറിയുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും സേനയിലുള്ളവർ തന്നെ പറയുന്നുണ്ട്.
- സ്വന്തം ലേഖകന്‍

