ജസ്റ്റീസ് ലോയയുടെ മരണം: അന്വേഷണം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ഹർജി

ന്യൂഡൽഹി: ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജി. ജസ്റ്റീസ് ലോയ മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ ഇസിജി പരിശോധിച്ചപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നു എയിംസ് ഫോറൻസിക് വിഭാഗം തലവനായിരുന്ന ആർ.കെ. ശർമ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ സെന്‍റർ ഫോർ പബ്ലിക് ലിറ്റിഗേഷൻ എന്ന സർക്കാരിതര സംഘടനയാണ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.

ഹർജി എട്ടിനു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.ലോയയുടേത് മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ബന്ധുക്കൾ ഇതു വിശ്വസിക്കാൻ തയാറായിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലാണ് എയിംസ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. ആർ.കെ. ശർമ വെളിപ്പെടുത്തിയത്.

ഈ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് സിപിഐഎലിനു വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇസിജി- ഹിസ്റ്റോപതോജി റിപ്പോർട്ടുകളിലും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അത് വിദഗ്ധരായവരെ ഉൾപ്പെടുത്തിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts