കൊച്ചി: കാര്‍ കടത്തിക്കൊണ്ട് വരുന്നുവെന്ന സംശയത്തില്‍ കണ്ടെയ്നര്‍ ലോറി തടഞ്ഞ് പോലീസ് പിടികൂടിയ മൂന്നംഗ സംഘം മോഷ്ടിച്ച കാര്‍ കൃഷ്ണഗിരിയില്‍നിന്ന് തന്നെ കണ്ടെത്തി. കൃഷ്ണഗിരിയില്‍നിന്ന് ഇക്കോ കാര്‍ മോഷ്ടിച്ച സംഘം ആ സ്ഥലത്തുനിന്ന് കുറച്ച് അകലെയായി മാറ്റിയിട്ടിരിക്കുന്ന നിലയിലാണ് പനങ്ങാട് പോലീസ് കാര്‍ കണ്ടെത്തിയത്.
പിന്നീട് വന്ന് കാര്‍ കൊണ്ടുപോകാമെന്ന ധാരണയിലാണ് മോഷ്ടാക്കള്‍ കാര്‍ ഒളിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ കണ്ടെയ്നറിനുള്ളില്‍ മോഷണം പോയ കാർ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് കൃഷ്ണഗിരി പ്രദേശത്ത് നടത്തിയ പരിശോധനയില്‍ വാഹനം കണ്ടെത്തിയത്. കൃഷ്ണഗിരി പോലീസ് ഇന്ന് കൊച്ചിയിലെത്തും.
കേസുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ നസീര്‍ അഹമ്മദ് (32), സുധാം (35), രാജസ്ഥാന് സ്വദേശി സെയ്കുല് (32) എന്നിവരെയാണ് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രാജസ്ഥാന് രജിസ്ട്രേഷനിലുള്ള കണ്ടെയ്നര്‍ ലോറിയും പോലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ലോറിയില്‍ ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ക്കെതിരേ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എടിഎം കവര്‍ച്ച ലക്ഷ്യമിട്ടാകാം പ്രതികള്‍ എറണാകുളത്തേക്ക് എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചുവെന്നാണ് സൂചന. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ചൊവാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയാണ് ദേശീയപാതയില്‍ നെട്ടൂര്‍ പള്ളി സ്റ്റോപ്പില്‍ നിന്നും രാജസ്ഥാന് രജിസ്ട്രേഷനിലുള്ള കണ്ടെയ്നര്‍ ലോറി പോലീസ് പിടികൂടിയത്. മൂന്ന് ദിവസം മുന്‍പ് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട ലോറിയിലുണ്ടായിരുന്ന സംഘം തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും ഇക്കോ കാര്‍ മോഷ്ടിച്ച് കണ്ടെയ്നറില്‍ കയറ്റുകയായിരുന്നു.
കാര്‍ മോഷണം പോയതറിഞ്ഞ ഉടമസ്ഥര്‍ നല്കിയ പരാതിയില്‍ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കയറ്റിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ലോറി കേരളത്തിലേയ്ക്ക് കടന്നെന്ന വിവരത്തെ തുടര്‍ന്ന് പാലിയേക്കര ടോളിലും കുമ്പളം ടോളിലും അറിയിപ്പ് നല്‍കിയിരുന്നു. പരിശോധനയില്‍ ലോറി പാലിയേക്കര ടോള്‍ കടന്നെന്നു കണ്ടതിനെ തുടര്‍ന്ന് കുമ്പളം ടോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുലര്‍ച്ചെ മൂന്നോടെയാണ് പോലീസ് പട്രോളിംഗ് സംഘം ലോറിയെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്.
സംഘാംഗങ്ങളിലൊരാള്‍ രാവിലെ ആറോടെ പ്രാഥമിക കൃത്യം നിര്വഹിക്കാനെന്നു പറഞ്ഞ് കടന്നു കളഞ്ഞെങ്കിലും രാവിലെ 11ഓടെ കുഫോസ് കാമ്പസിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നും ഇയാളെ പോലീസ് പിടികൂടി. പിന്നീട് കണ്ടെയ്നര്‍ തുറന്ന് പോലീസ് പരിശോധന നടത്തിയപ്പോള്‍ കാര്‍ കണ്ടെത്താനായില്ല. കണ്ടെയ്നറിനുള്ളില്‍ എസി യൂണിറ്റുകളും മെക്കാനിക്കല്‍ സ്പെയര്‍ പാര്‍ട്ടുകളും ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും കണ്ടെത്തിയിരുന്നു. അതേസമയം, പ്രതികളെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.