മധുരരാജ ട്രിപ്പിൾ സട്രോംഗ്..!

എന്തൊരു വേഗമാണ് മിസ്റ്റർ വൈശാഖ് മധുരരാജയ്ക്ക്..! ഓരോ സീനും പറന്നു പോകുന്നപോലെ. കഷ്ടപ്പെട്ട് ചിന്തിച്ച് ലോജിക്ക് തപ്പിയെടുക്കാൻ നോക്കിയാൽ ഉറപ്പായും നിങ്ങൾ പരാജയപ്പെടും. കാരണം അത്രമേൽ ലോജിക്കില്ലായ്മകൾ മധുരരാജയെ വലയം ചെയ്തിട്ടുണ്ട്. ആ ലോജിക്കില്ലായ്മകൾ തന്നെയാണ് ഈ ചിത്രത്തിന്‍റെ നെടുംതൂണും.

കഥയിൽ അല്ല ആവിഷ്കരണത്തിലാണ് സംവിധായകൻ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയെ എത്രത്തോളം മാസ് ആക്കിയെടുക്കാമോ അതിനുവേണ്ട പണികളെല്ലാം മധുരരാജയിൽ സംവിധായകൻ ചെയ്തുവച്ചിട്ടുണ്ട്. അടിപിടിയും നാട്ടിൻപുറം കാഴ്ചകളും അതിനിടയിലൂടെ കടന്നുപോകുന്ന കഥയും ഇത്തിരി കോമഡിയുമെല്ലാം ചേർന്നാൽ മധുരരാജയായി.

ഉദയകൃഷ്ണ പ്രേക്ഷകരുടെ മനസ് അറിഞ്ഞാണ് തിരക്കഥ മെനഞ്ഞെടുത്തിരിക്കുന്നത്. ചിരിക്ക് ചിരിയും ഇടിക്ക് ഇടിയും പിന്നെ ആരാധകരെ ത്രസിപ്പിക്കുന്ന മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുമെല്ലാം ആവോളം മധുരരാജയിലുണ്ട്. പോക്കിരിരാജയെ വെല്ലുന്ന പ്രകടനമാണ് മമ്മൂട്ടി ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.

തുടക്കം സലിം കുമാറിന്‍റെ കൈയിൽ

ആദ്യത്തെ 41 മിനിറ്റ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് സലിം കുമാറും വില്ലൻ ജഗപതി ബാബുവും തമിഴ് നടൻ ജയ്‌യും പിന്നെ പാന്പിൻതുരുത്ത് നിവാസികളും ചേർന്നാണ്. വ്യാജമദ്യ ദുരന്തവും അതിന് കാരണക്കാരനായവരേയും കാട്ടി വില്ലൻ എത്രമാത്രം ശക്തനാണെന്ന് പ്രേക്ഷകർക്ക് തുടക്കത്തിലെ ഒരു ധാരണ കൊടുക്കുന്നുണ്ട് സംവിധായകൻ.

എഴുത്തച്ഛനായി എത്തി സലിംകുമാർ പോക്കിരിരാജയിലെ തന്‍റെ പ്രകടനത്തെ മറികടക്കുന്നുണ്ട് ഇവിടെ. പാന്പിൻതുരുത്ത് സ്കൂളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാധവൻ മാഷ് (നെടുമുടി വേണു) എത്തുന്നതോടെയാണ് കഥയിൽ നിന്നും നിരവധി അനവധി കഥാപാത്രങ്ങൾ പുറത്തേയ്ക്ക് വന്നു തുടങ്ങുന്നത്.

പോക്കിരിരാജയിൽ മമ്മൂട്ടിയുടെ അനിയൻ പൃഥ്വിരാജാണെങ്കിൽ മധുരരാജയിൽ കക്ഷിയെ കാണാനേ കിട്ടില്ല. അതിന് സംവിധായകൻ കാരണം വ്യക്തമാക്കുന്നുമുണ്ട്. പകരം മധുരയിലെ മണിയണ്ണന്‍റെ മകൻ ചിന്നനെ(ജയ്)യാണ് മധുരരാജയുടെ ചങ്കായി അവതരിക്കുന്നത്. സലിം കുമാർ ഒരു വഴിക്ക് ചിരിപ്പിച്ച് പ്രേക്ഷകരെ കൈയിലെടുക്കുന്പോൾ ജയ് തന്‍റെ റൊമാൻസ് നന്പറുകൾ കാട്ടിയാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്.

42-ാം മിനിറ്റിൽ മധുരരാജ

മാധവൻ മാഷിന് ഒരു പ്രശ്നം ഉണ്ടാകുന്പോൾ മകൻ രാജ അവതരിക്കാതെ തരമില്ലല്ലോ. ചിത്രത്തിന്‍റെ 42-ാം മിനിറ്റിലാണ് രാജയുടെ ആ മാസ് എൻട്രി. ആരാധകരെ വേണ്ടുവോളം രസിപ്പിക്കാൻ മധുരരാജയുടെ എൻട്രി തന്നെ ധാരാളം. പിന്നീടങ്ങോട്ട് മുറിയിംഗ്ലീഷ് പറഞ്ഞ് മമ്മൂട്ടി കൈയടി നേടുകയാണ്. പോക്കിരിരാജയിൽ നിന്നും മധുരരാജയിലേക്കുള്ള വളർച്ചയ്ക്കിടയിൽ ഇംഗ്ലീഷിനെ കൈവെടിയാൻ മാത്രം നായകൻ തയാറായിട്ടില്ല.

വീട്ടിലെയും പിന്നെ നാട്ടിലെയും പ്രശ്നങ്ങൾ പരിഹരിക്കാൻ മധുരരാജ ഇറങ്ങിപ്പുറപ്പെടുന്നതോടെ സംഗതി ഉഷാറായിത്തുടങ്ങും. പോക്കിരിരാജയിലെ തന്‍റെ ശത്രുവായ പോലീസ് ഓഫീസറെ (സിദ്ദിഖ്) മധുരരാജയിൽ മിത്രമാക്കി മാറ്റിയാണ് നായകന്‍റെ വരവ്. കിടിലൻ ആക്ഷനിലൂടെ ഒന്നാം പകുതിയെ ഉഷാറാക്കിക്കൊണ്ടാണ് മധുരരാജ കളം നിറയുന്നത്.

രണ്ടാം പകുതിയിൽ രാഷ്ട്രീയം

നാടിനെ നന്നാക്കാൻ ജനനായകനാകണമെന്ന് തിരിച്ചറിയുന്നതോടെ മധുരരാജ രാഷ്ട്രീയ ഗോദയിലേക്ക് കളം മാറ്റുകയാണ്. സണ്ണി ലിയോണ്‍ ആണ് ഒരുതരത്തിൽ പറഞ്ഞാൽ മധുരരാജയ്ക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ വഴിവെട്ടി കൊടുക്കുന്നത്. അത് എങ്ങനെയാണെന്നുള്ള കാര്യം നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക.

അനുശ്രീയാണ് ചിത്രത്തിലെ പ്രധാന നായിക. ചൂടാകുക എന്നതൊഴിച്ചാൽ മറ്റ് ഭാവവ്യത്യാസങ്ങളൊന്നും അനുശ്രീയിൽ നിന്നും കാണാൻ കഴിഞ്ഞില്ല. രാഷ്ട്രീയത്തിലെ തനത് നന്പറുകൾ തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംവിധായകൻ പയറ്റിയിരിക്കുന്നത്. ഈ നന്പറുകളെല്ലാം ആരാധകർ കൈയടിയോടെയാണ് വരവേറ്റത്.

പശ്ചാത്തല സംഗീതം ത്രസിപ്പിക്കും

ചിത്രത്തിന് ഇത്രമേൽ വേഗം നൽകിയതിന്‍റെ പകുതി ക്രെഡിറ്റ് സംഗീത സംവിധായകൻ ഗോപി സുന്ദറിന് അവകാശപ്പെട്ടതാണ്. മധുരരാജയുടെ ഓരോ ചലനത്തിനും കിടിലൻ പശ്ചാത്തല സംഗീതം ഒരുക്കി ചിത്രത്തെ ബാലൻസ് ചെയ്ത് നിർത്തുന്നതിൽ ഗോപി സുന്ദർ വിജയിച്ചു. ഷാജി കുമാർ കാമറ കൊണ്ട് കളർഫുൾ ഫ്രെയിമുകളൊരുക്കി മധുരരാജയ്ക്ക് താങ്ങും തണലുമായി മാറി.

നടേശനെ(ജഗപതി ബാബു) വീഴ്ത്താൻ ഒടുവിൽ മധുരരാജ ശത്രുവിന്‍റെ തന്ത്രം തന്നെ പയറ്റുന്പോൾ പീറ്റർ ഹെയ്നിന്‍റെ സംഘട്ടന രീതികൾ വിജയം കാണുന്നത് കാണാനാവും. ആക്ഷൻ രംഗങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തുനിയാതെ മമ്മൂട്ടി കസറുന്ന കാഴ്ച ഏതൊരു ആരാധകനെയും ആവേശത്തിലാഴ്ത്തുമെന്നതിൽ സംശയം വേണ്ട.

മിനിസ്റ്റർ രാജയായി ഒരു വരവ് കൂടി വരുമെന്ന് സൂചന നൽകിയാണ് വൈശാഖ് സിനിമ അവസാനിപ്പിക്കുന്നത്.

വി.ശ്രീകാന്ത്

Related posts