കോട്ടയം: മലരിക്കലിലെ മനം നിറയ്ക്കും കാഴ്ച കാണാന്‍ ടൂറിസം മന്ത്രിയെത്തുന്നു. നോക്കെത്താ ദൂരത്തോളം പിങ്ക് നിറം നിറച്ച് പരന്നുകിടക്കുന്ന ആമ്പല്‍പ്പൂവസന്തം കാണാനും ടൂറിസം സാധ്യതകള്‍ വിലയിരുത്താനുമാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ രാവിലെ ഏഴിന് മലരിക്കലില്‍ എത്തുന്നത്.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് മലരിക്കലിലെ പാടശേഖരങ്ങളില്‍ ആമ്പല്‍ വിരിയുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റുന്നതോടെ ആമ്പലുകള്‍ പൂക്കാന്‍ തുടങ്ങും.
1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്തിന്റെ മലരിക്കല്‍ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമായാണ് ആമ്പല്‍ പൂക്കള്‍ വസന്തം ഒരുക്കുന്നത്. രാത്രി വിരിയുന്ന പൂക്കള്‍ രാവിലെ പത്തോടെ വാടിത്തുടങ്ങും.
സന്ദര്‍ശകര്‍ക്ക് വള്ളങ്ങളില്‍ ആമ്പലുകള്‍ക്കിടയിലൂടെ യാത്ര ചെയ്ത് കാഴ്ചകള്‍ കാണാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനഃസംയോജന പദ്ധതി, തിരുവാര്‍പ്പ് പഞ്ചായത്ത്, മലരിക്കല്‍ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സര്‍വീസ് സഹകരണ ബാങ്ക്, തിരുവാര്‍പ്പ് വില്ലേജ് സര്‍വീസ് സഹകരണ ബാങ്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികള്‍ എന്നിവര്‍ സംയുക്തമായാണ് ആമ്പല്‍ ഫെസ്റ്റ് നടത്തുന്നത്.
കോട്ടയം – കുമരകം റോഡില്‍ ഇല്ലിക്കല്‍ കവലയില്‍ നിന്നും തിരുവാര്‍പ്പ് റോഡിലൂടെ തിരിഞ്ഞു പോകണം. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറിയിറങ്ങുന്ന സ്ഥലമാണ് മലരിക്കല്‍. കുമരകത്തുനിന്നും ഒമ്പതു കിലോമീറ്ററും കോട്ടയത്തുനിന്നും ഏഴര കിലോമീറ്ററും സഞ്ചരിച്ചാല്‍ മലരിക്കലില്‍ എത്തിച്ചേരാം.
പുത്തന്‍ റോഡിന്റെ വശങ്ങളില് ഇരുനൂറിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. കൂടാതെ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ 30 രൂപ പാര്‍ക്കിംഗ് ഫീസോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
രാവിലെ ആറു മുതല്‍ ഏഴുവരെയുള്ള സമയങ്ങളില്‍ എത്തിയാല്‍ കൂടുതല്‍ ദൃശ്യഭംഗിയോടെ പൂക്കള്‍ കാണാം. സെപ്റ്റംബര്‍ പകുതിവരെ ആമ്പല്‍പ്പൂവസന്തം ഉണ്ടാവും. 160 വള്ളങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ആമ്പല്‍പ്പാടം ചുറ്റിക്കാണാന്‍ ഒരാള്‍ക്ക് 100 രൂപയാണ് വള്ളത്തിന് ഫീസ്. ഒരു മണിക്കൂറിന് ആയിരം രൂപ നല്കി വള്ളം വാടകയ്ക്കുമെടുക്കാം.