മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ താരമാണ് മംമ്ത മോഹൻദാസ്. വേറിട്ട, ശക്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലും മലയാളി മനസിലും ഇടം നേടിയ മംമ്ത മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.
അഭിനയം പോലെ തന്നെ ഫിറ്റ്നസിലും താരം എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്. തന്റെ വർക്ക്ഔട്ട് വീഡിയോകൾ താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കിടാറുമുണ്ട്. ഇപ്പോഴിതാ വർക്ക്ഔട്ട് എന്ന അഡിക്ഷൻ തന്റെ 14-ാമത്തെ വയസിൽ തുടങ്ങിയതാണെന്നും അതിന്റെ പ്രചോദനം എവിടെ നിന്നാണെന്ന് അറിയില്ലെന്നും പറയുകയാണ് താരം.
പറയാൻ അങ്ങനെ പ്രചോദനം ഒന്നുമില്ലായിരുന്നു. ഫാമിലിയിലോ ചുറ്റുപാടുകളിലോ റോൾ മോഡൽസ് ഒന്നുമില്ലായിരുന്നു. സോഷ്യൽ മീഡിയയും ഇല്ല. ഞാൻ എന്തുകൊണ്ട് അങ്ങനെ ആയി എന്ന് പലപ്പോഴും എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. 14-ാമത്തെ ബർത്ത്ഡേയിൽ എനിക്ക് ഗിഫ്റ്റായി എന്തു വേണമെന്ന് ഡാഡി എന്നോട് ചോദിച്ചു.
ഞാൻ പറഞ്ഞു, എനിക്കൊരു എക്സർസൈസ് മെഷീൻ വേണമെന്ന്. ഞാനതു വെറുതെ വാങ്ങിച്ചു വയ്ക്കുക അല്ലായിരുന്നു. അത് ഉപയോഗിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയായിരുന്നു.14-ാം വയസിൽ ആരൊക്കെ അങ്ങനെ ചെയ്തിട്ടുണ്ടാവും. അന്ന് അഡിക്റ്റഡ് ആയ ഒരു ഹാബിറ്റാണ് വർക്ക്ഔട്ട്. രാവിലെ ബ്രഷ് ചെയ്തു കഴിഞ്ഞാൽ ഇന്നും ആദ്യം പോകുന്നത് ജിമ്മിലേക്കാണ്. അത് ചെയ്തില്ലെങ്കിൽ എനിക്കെന്തോ ഒരു പ്രശ്നം ഉണ്ടെന്ന് തോന്നും. ഒരു സമയത്ത് മമ്മി പറയുമായിരുന്നു, നിന്റെ വർക്ക്ഔട്ടിനു നീ അഡിക്റ്റഡ് ആണെന്ന്. വേറെ അഡിക്ഷൻസ് ഒന്നും ഇല്ലല്ലോ എന്ന് ഞാനും ചിന്തിക്കും.
ഇന്നും ഞാൻ എന്റെ സമൂഹത്തിൽ ആണെങ്കിലും സിനിമ ഇൻഡസ്ട്രിയിൽ ആണെങ്കിലും ചുറ്റുവട്ടത്തും നമ്മുടെ പിള്ളേരുടെ ഇടയിൽ ആണെങ്കിലും ധാരാളം കാര്യങ്ങൾ ദുരുപയോഗം ചെയ്യുന്നു. ആ സമയത്ത് ഞാൻ ചിന്തിക്കുന്നത് ഞാൻ ശരിയായ കാര്യത്തിനാണല്ലോ അടിമയായത് എന്നുള്ളതാണ്. ഉപയോഗപ്രദമായ കാര്യങ്ങൾക്കാണ് ഞാൻ അടിമയായിരിക്കുന്നത്.
എന്നെ ഇംപ്രൂവ് ചെയ്യാൻ സഹായിക്കുന്ന കാര്യങ്ങൾക്കാണ് ഞാൻ അഡിക്റ്റഡ് ആയിരിക്കുന്നത്. അക്കാര്യത്തിൽ ഞാൻ അഭിമാനിക്കുന്നു, അതെനിക്ക് എവിടെ നിന്ന് കിട്ടിയെന്നു പോലുമറിയില്ല- മംമ്ത പറയുന്നു. അതേസമയം മംമ്ത യുടെ സിനിമ കരിയർ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് തികയുകയാണ്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഇന്നും പ്രേക്ഷക പ്രിയങ്കരിയായി തുടരുന്നു.
പല തവണ കാൻസറിനോട് ധീരമായി പോരാടി വിജയിച്ച താരം കൂടിയാണ് മംമ്ത മോഹൻദാസ്. ലിംഫ് നോഡുകളെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദമാണ് ബാധിച്ചത്. ചികിത്സയുടെ ഭാഗമായി 2 വർഷത്തോളം സിനിമകളില്‍ നിന്ന് വിട്ടു നിൽക്കേണ്ടി വന്നു. എന്നാൽ ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ മംമ്ത തിരിച്ചു വന്നു.

