സൂര്യപ്രകാശം ഏല്‍ക്കാതെ ഭാര്യയെയും മകളെയും യുവാവ് ഇരുട്ടുമുറിയില്‍ പാര്‍പ്പിച്ചത് അഞ്ചു വര്‍ഷം; ഓട് പൊളിച്ച് ഇവരെ പുറത്തെത്തിച്ച പോലീസ് യുവതിയുടെ പ്രതികരണം കേട്ട് അമ്പരന്നു

കോല്‍ക്കത്ത: അജ്ഞാതമായ കാരണത്തിന് യുവാവ് ഭാര്യയെയും, മകളെയും വീട്ടില്‍ പൂട്ടിയിട്ടത് അഞ്ചുവര്‍ഷം. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ജലാംഗിയിലാണ് സംഭവം. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ, സൂര്യപ്രകാശം പോലുമേല്‍ക്കാതെയാണ് അഞ്ച് വര്‍ഷത്തോളം ഇവര്‍ കഴിഞ്ഞത്. യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വീടിന്റെ ഓട് പൊളിച്ച് ഉള്ളില്‍ പ്രവേശിച്ച പോലീസ് കണ്ടത് വൃത്തിഹീനമായ മുറിയില്‍ ചടഞ്ഞു കൂടിയിരിക്കുന്ന അമ്മയെയും മകളെയുമാണ്. ഇവരെ രാത്രിയോടെ പോലീസ് പുറത്തെത്തിച്ചു. മഞ്ജു മണ്ഡല്‍(36), പതിനൊന്ന് വയസുകാരിയായ മകള്‍ ടോട്ട എന്നിവര്‍ക്കാണ് ഈ ദുരനുഭവുണ്ടായത്. മഞ്ജുവിന്റെ ഭര്‍ത്താവ് മരപ്പണിക്കാരനായ മനോബേന്ദ്ര എന്തിന് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തു എന്നു വ്യക്തമല്ല.

ബിരുദധാരിയായ മഞ്ജു പോലീസില്‍ പോലും പരാതിപ്പെടാതെ ഇതെല്ലാം സഹിച്ച് ജീവിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മഞ്ജുവിന്റെ സഹോദരന്‍ പറയുന്നു. മനോബേന്ദ്രയ്ക്ക് പരസ്ത്രീ ബന്ധമുള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. എന്നാല്‍ വീട്ടുതടങ്കലില്‍ നിന്നും പുറത്ത് എത്തിച്ചെങ്കിലും ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ മഞ്ജു തയാറായില്ല. തങ്ങള്‍ നല്ല ജീവിതമാണ് നയിക്കുന്നതെന്നും, വീട് വിട്ട് പോകാന്‍ തയാറാകില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ അന്വേഷണം തുടരുമെന്നും മനോബേന്ദ്രയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു.

Related posts