നിരീക്ഷണത്തിലിരുന്ന യുവാവ് ക്വാറന്റൈന്‍ ലംഘിച്ച് ടൗണിലിറങ്ങി എല്ലാ കടകളിലും കയറിയിറങ്ങി ! ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് ഗംഭീരമായി ജന്മദിനവും ആഘോഷിച്ചു; കോവിഡ് പോസിറ്റീവായതോടെ ചങ്കില്‍ കൈവച്ച് ഇരിട്ടി നിവാസികള്‍…

നിരീക്ഷണത്തിലിരികേക് ക്വാറന്റൈന്‍ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയ യുവാവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇരിട്ടിയില്‍ ആകെ പരിഭ്രാന്തി.

ഇയാള്‍ ക്വാറന്റൈന്‍ ലംഘിച്ച് നിരവധി തവണ ഇരിട്ടി ടൗണിലും എത്തിയതായി കണ്ടെത്തിയതോടെ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങി.

ബംഗളൂരുവില്‍ നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തി വീട്ടു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവാണ് ബന്ധുക്കളേയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് പിറന്നാള്‍ ഗംഭീരമായാണ് ആഘോഷിച്ചത്.

നഗരസഭയിലെ കൂളിചെമ്പ്ര 13-ാം വാര്‍ഡിലാണ് യുവാവിന്റെ വീടെങ്കിലും ഇയാള്‍ ഒട്ടേറെ തവണ ക്വാറന്റീന്‍ ലംഘിച്ച് ഇരിട്ടി ടൗണില്‍ എത്തിയതായും പലരുമായി സമ്പര്‍ക്കത്തിലായതായും ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ഇരിട്ടി ടൗണ്‍ കനത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്.

ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയും ഇയാള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങിയതായും കണ്ടെത്തി. ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തവരില്‍ കുറെപ്പേര്‍ ടൗണുമായി സ്ഥിരമായി ബന്ധപ്പെട്ടവരാണ്.

മാത്രമല്ല സമ്പര്‍ക്കത്തിലുള്ളവരുടെ കൂട്ടത്തില്‍ കൂത്തുപറമ്പില്‍ വ്യാപാരസ്ഥാപനം നടത്തുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നതും ഇരിട്ടി ടൗണിനെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.

നഗരസഭാ വാര്‍ഡുതല സുരക്ഷാസമിതി നടത്തിയ അന്വേഷണത്തില്‍ കോവിഡ് ബാധിച്ച യുവാവുമായി 20-ലധികംപേര്‍ ഹൈറിസ്‌ക് സമ്പര്‍ക്കത്തില്‍പ്പെട്ടവരായി കണ്ടെത്തി. ഇവരെ ക്വാറന്റീന്‍ സെന്ററിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു.

സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ 200-ലധികം പേര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചു. പ്രൈമറി സമ്പര്‍ക്കത്തിലുള്ളവര്‍ മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെട്ടതായും കണ്ടെത്തി.

യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തിലായ എട്ട് കടകള്‍ തിങ്കളാഴ്ച അടപ്പിച്ചു. യുവാവിനും കുടുംബത്തിനുമെതിരേ നിയമനടപടി സ്വീകരിക്കാന്‍ നഗരസഭ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

Leave a Comment