കണ്ടാല്‍ എത്ര കുലീനയായ സ്ത്രീ ! പകല്‍ പെയിന്റിംഗ് ജോലി കഴിഞ്ഞ് രാത്രിയില്‍ പെണ്‍വേഷം കെട്ടി സ്ത്രീകളെ ലക്ഷ്യമിട്ട് ഇറങ്ങും; വിരുതന്‍ ഒടുവില്‍ പിടിയിലായതിങ്ങനെ…

കണ്ടാല്‍ മാന്യയായ സ്ത്രീ. എന്നാല്‍ ഒന്ന് ശ്രദ്ധ തെറ്റിയാല്‍ കഴുത്തില്‍ കിടക്കുന്ന മാല കാണില്ലെന്നു മാത്രം. ഇത്തരത്തില്‍ സ്ത്രീവേഷത്തിലെത്തി സ്ത്രീകളെ ലക്ഷ്യമിട്ട് മോഷണം നടത്തിവന്ന വ്യക്തി ഒടുവില്‍ പിടിയില്‍. സ്ത്രീവേഷത്തിലെത്തി സ്ത്രീകളെ ആക്രമിച്ചായിരുന്നു സ്വര്‍ണം കവര്‍ന്ന് കൊണ്ടിരുന്നത്. മാവേലിക്കരയില്‍ വച്ചായിരുന്നു ഇയാളെ പിടികൂടിയത്.

പത്തിയൂര്‍ സ്വദേശി നിധിന്‍ വിക്രമനാണ് പിടിയിലായത്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 20ലേറെ കേസുകളാണുള്ളത്.
മാവേലിക്കര, കരിയിലക്കുളങ്ങര, കായംകുളം പൊലീസ് സ്റ്റേഷനുകളിലെല്ലാം ഇയാള്‍ക്കെതിരേ കേസുകളുണ്ട്. എല്ലാം സമാന സ്വഭാവമുള്ളതാണ്. സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ ലക്ഷ്യം വച്ച് രാത്രിയില്‍ സ്ത്രീവേഷത്തില്‍ പുറത്തിറങ്ങുന്ന ഇയാള്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും കാത്തിരിക്കും. അത്തരമൊരു സന്ദര്‍ഭം വന്നാല്‍ അവരെ ആക്രമിച്ച് ആഭരണങ്ങള്‍ കൈക്കലാക്കുകയാണ് ഇയാളുടെ രീതി.

പെയിന്റിംഗ് ജോലിക്കാരനായിരുന്നു നിധിന്‍. പകല്‍ സമയം ഇയാള്‍ മോഷണത്തിനായി വീടുകള്‍ കണ്ടുവെക്കും. രാത്രിയാകുമ്പോള്‍ വീടുകളുടെ പരിസരത്തെത്തി പതുങ്ങിയിരിക്കും. എന്നിട്ടു പ്രതി സ്ത്രീകള്‍ തനിച്ച് പുറത്തിറങ്ങുന്നതോടെ പിന്നിലൂടെയെത്തി വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയാണ് പതിവ് . മാത്രമല്ല സ്ത്രീകള്‍ ബഹളം വെച്ചാല്‍ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യും. അപരിചതരുടെ വീട്ടില്‍ മാത്രമല്ല പരിചയക്കാരുടെ വീടുകളിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.

മാവേലിക്കര എസ്എച്ച്ഓ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തെ എറണാകുളത്ത് വെച്ച് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. മോഷ്ടിക്കുന്ന സ്വര്‍ണ്ണം കായംകുളത്തെ സ്വര്‍ണ്ണക്കടകളിലാണ് ഇയാള്‍ വിറ്റിരുന്നത്. ഇതില്‍ 25 പവനോളം സ്വര്‍ണ്ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.

Related posts

Leave a Comment