കലാഭവൻ മണിയുടെ മരണം: നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ ഉൾപെടെയുള്ള ഏഴുപേരുടെ നുണപരിശോധനയ്ക്ക് കോടതി അനുമതി

കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ (തരികിട സാബു) ഉൾപ്പെടെ ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുമതി നൽകി. എറണാകുളം സിജെഎം കോടതിയാണ് ഏഴു പേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാൻ സിബിഐക്ക് അനുമതി നൽകിയത്.

ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കോടതിയിൽ സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഏഴുപേരും കോടതിയിൽ നുണപരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചു. ഇതോടെയാണ് കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്.

മണിയുടേത് അസ്വാഭാവിക മരണമാണെന്നും മരിക്കുന്നതിന് തൊട്ടുമുൻപ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം. ജാഫർ ഇടുക്കി, സാബുമോൻ എന്നിവരെ ഉൾപ്പടെ ഏഴ് പേരെയും സിബിഐ നേരത്തെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധനയിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.

Related posts