സമൂഹം എത്ര വളർന്നു ലോകം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഇന്നും സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വളരെ വലുതാണ്. കഴിഞ്ഞ ദിവസം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മാൻസി മഞ്ജു സതീഷ് എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചൊരു വീഡിയോ ആണിപ്പോൾ ചർച്ചയാകുന്നത്.
കാര്യം മറ്റൊന്നുമല്ല. പതിവുപോലെ അവർ അന്നും വീഡിയോ എടുത്തുകൊണ്ട് നിൽക്കുകയായിരുന്നു. ഫ്ലാറ്റിന് വെളിയിൽ നിന്നാണ് മാൻസി വീഡിയോ എടുക്കുന്നത്. വീഡിയോ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി തയാറെടുക്കുന്ന മാൻസിയെയാണ് വീഡിയോ തുടങ്ങുമ്പോൾ കാണുന്നത്. ഒരു യുവാവ് ആ സമയത്ത് അത്വഴി കടന്നു പോകുന്നതും കാണാം.
എന്നാൽ ആ സമയം അയാൾ അവളെ അനുചിതമായി സ്പർശിച്ചു. ശേഷം ഒന്നും നടന്നിട്ടില്ലന്ന മട്ടിൽ അയാൾ അവിടെ നിന്നും നടന്നു മുകളിലേക്ക് പോകുന്നു. എന്നാൽ തന്നെ തന്റെ അനുവാദമില്ലാതെ ഒരു അന്യ പുരുഷൻ എന്തിന് സ്പർശിച്ചു എന്ന ചിന്ത അലട്ടിയതും മാൻസി അയാളെ പിന്തുടർന്ന് കവിളത്ത് അടികൊടുത്തു. അടിയും വാങ്ങി അയാൾ സ്ഥലം വിടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
‘ഞാൻ ഒരു സ്നാപ്പ് റെക്കോർഡ് ചെയ്യുകയായിരുന്നു, അതും എന്റെ സ്വന്തം ബിൽഡിംഗിൽ വച്ച്. വീഡിയോ പ്രൂഫുമായി ഞങ്ങൾ അയാളുടെ വീട്ടിൽ ചെന്നു. അപ്പോൾ അയാളുടെ കുടുംബം പറഞ്ഞത് അയാളുടെ മാനസികാരോഗ്യം ശരിയല്ല. അദ്ദേഹത്തിന്റെ മനസിന് എന്തോ പ്രശ്നമുണ്ട് എന്നാണ്. അപ്പോൾ അയാൾക്ക് എന്തും ചെയ്യാം എന്നാണോ അതിന്റെ അർഥം? ഏത് കോണിൽ നിന്ന് നോക്കിയാലാണ് അയാൾ ഒരു മാനസിക രോഗിയെപ്പോലെ കാണപ്പെടുന്നത്?’ എന്നാണ് വീഡിയോ പങ്കുവച്ച് മാൻസി ചോദിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് യുവതിയെ പിന്തുണച്ച് കമന്റ് ചെയ്തത്. അയാളെ തീർച്ചയായും നിയമത്തിന് മുന്നിൽ എത്തിക്കണമെന്നാണ് എല്ലാവരും ഒന്നടങ്കം പറഞ്ഞത്.