പാലക്കാട്: കുഞ്ഞിന്റെ കഴുത്തറക്കുന്നതിനു മുന്‍പ് രക്ഷകനായി ദൈവം വരുമെന്നു വിശ്വസിച്ചിരുന്നതായി ഷഹീദ. പൂളക്കാട് ആറുവയസുകാരനായ മകനെ കഴുത്തറത്തു കൊലപ്പെടുത്തിയ ഷഹീദ പോലീസിനു നൽകിയ മൊഴിയിലാണ് ഞെട്ടിക്കുന്ന ഈ വിവരം.
ഇതു അന്ധമതവിശ്വാസം വളർത്തുന്ന ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ യുവതി പെട്ടിരുന്നോ എന്ന സംശയത്തിലേക്കു പോലീസിനെ എത്തിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് പുതുപ്പള്ളിത്തെരുവ് പൂളക്കാട്ട് സുലൈമാന്റെ ഭാര്യ ഷഹീദ(32) ഉറങ്ങിക്കിടക്കുകയായിരുന്ന ഇളയമകൻ ആമിൽ ഇഹ്സാനെ കുളിമുറിയിൽവച്ച് കഴുത്തറത്തത്.
ഗർഭിണികൂടിയായ ഷഹീദയെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ആസൂത്രിതമായാണ് കൊലപാതകം നടത്തിയിരിക്കുന്നത്.ദൈവത്തിന്റെ പ്രീതിക്കായി ബലി കൊടുക്കണമെന്ന ലക്ഷ്യവുമായാണ് കൃത്യം നടത്തിയതെന്നു പ്രദേശത്തു വ്യാപക പ്രചാരണമുണ്ട്.
ഇക്കാര്യം പോലീസ് അന്വേഷിക്കുകയുമാണ്. എന്നാൽ, മാനസിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് ഷഹീദയുടെ ബന്ധുക്കളും നഗരസഭാംഗം എം. സുലൈമാനും പറഞ്ഞു. ഷഹീദയുടെ ഫോണിൽനിന്നു കൂടുതൽ വിവരങ്ങൾ എന്തെങ്കിലും ലഭിക്കുമോ എന്ന അന്വേഷണം പോലീസ് നടത്തുന്നുണ്ട്.
ആറു വർഷത്തോളം പുതുപ്പള്ളിത്തെരുവിലെ മതപഠനകേന്ദ്രത്തിൽ അധ്യാപികയായിരുന്നു ഷഹീദ. ലോക്ക്ഡൗണ്‍ ആയതോടെ അധ്യാപനത്തിനു പോയിരുന്നില്ല. ഈ സമയം മതപരമായ സമൂഹമാധ്യമ കൂട്ടായ്മകളിൽ ഇവർ സജീവമായിരുന്നു എന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
കുഞ്ഞിനെ ചുരിദാർ ഷാൾ കൊണ്ടു ബന്ധിച്ചു, വീട്ടുകാർ അറിഞ്ഞില്ല
പാലക്കാട്: വീട്ടാവശ്യത്തിനെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ഭർത്താവിനെക്കൊണ്ടു വാങ്ങിപ്പിച്ച കത്തി ഉപയോഗിച്ചാണ് ഷഹീദ മകനെ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയത്. കുട്ടിയുടെ കാലുകൾ ചുരിദാറിന്റെ ഷാളുകൾകൊണ്ടു ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ ബന്ധിച്ചിരുന്നത് അഴിഞ്ഞനിലയിൽ കുളിമുറിയിൽനിന്നു പോലീസ് കണ്ടെത്തി.
കഴുത്തിനേറ്റ വെട്ടുകളാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. ശരീരത്തിന്റെ പല ഭാഗത്തായി മറ്റു മുറിവുകളുമേറ്റിരുന്നു.വീട്ടിൽ ഇത്തരമൊരു ക്രൂരകൃത്യം നടന്നത് സുലൈമാനും ഇവരുടെ മറ്റു രണ്ടു മക്കളും അറിഞ്ഞില്ല.
ഷഹീദതന്നെയാണ് സംഭവത്തിനുശേഷം പോലീസിന്റെ 112 എന്ന സഹായ നന്പറിൽ വിളിച്ചു വിവരം പറഞ്ഞത്. ഷഹീദയുടെ കൊല്ലപ്പെട്ട ആമിൽ ഇഹ്സാനും ഒരു മുറിയിലാണ് കിടന്നിരുന്നത്. സുലൈമാനും മറ്റു രണ്ടു മക്കളും തൊട്ടടുത്ത മുറിയിലാണ് ഉറങ്ങിയിരുന്നത്.
പുലർച്ചെ മൂന്നരയോടെ മകനെ കുളിമുറിയിലേക്ക് എടുത്തുകൊണ്ടുപോയാണ് ഷഹീദ കൊലപാതകം നടത്തിയതെന്നു പോലീസ് പറഞ്ഞു. പോലീസ് എത്തി വിളിച്ചുണർത്തിയപ്പോഴാണ് സുലൈമാനും കുട്ടികളും വിവരം അറിഞ്ഞത്. കുഞ്ഞനിയൻ മരിച്ച വിവരം വിശ്വസിക്കാൻ സഹോദരന്മാർക്കു കഴിഞ്ഞിട്ടില്ല. ഷഹീദയെ ഉടൻ സ്റ്റേഷനിലേക്കു മാറ്റി. കത്തി അടക്കമുള്ള തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മക്കളെ ഏറെ സ്നേഹിക്കുകയും, അയൽവാസികളോടു സൗമ്യമായി ഇടപെടുകയും ചെയ്തിരുന്ന ഷഹീദ മകനെ ക്രൂരമായി കൊലപ്പെടുത്തിയതു പ്രദേശവാസികൾക്ക് ഉൾക്കൊള്ളാനായിട്ടില്ല.
നേരത്തേ ഗൾഫിലായിരുന്ന സുലൈമാൻ ഇപ്പോൾ നാട്ടിൽ ഡ്രൈവറാണ്. ഇവർക്കിടയിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഷഹീദയ്ക്കു മാനസിക പ്രയാസം ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നുണ്ട്.
കുഞ്ഞിന്റെ മൃതദേഹം ഇന്നലെ വൈകീട്ട് അഞ്ചോടെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. പൊതു ദർശനത്തിനുശേഷം കള്ളിക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ശിശുക്ഷേമസമിതി അധികൃതർ വീട് സന്ദർശിച്ചു.