ചെങ്ങന്നൂർ: എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ പ്രചരണത്തിനായി എത്തിയ പാട്ടുസംഘം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരേ ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവറായ ഈരാറ്റുപേട്ട നടയ്ക്കൽ വലിയവീട്ടിൽ നഹാസി(27)നു പരിക്കേറ്റു.
ഇന്നലെ രാത്രി ഏഴോടെ എം.സി.റോഡിൽ പുത്തൻവീട്ടിൽ പടിയിലായിരുന്നു സംഭവം. തിരുവനന്തപുരം കവടിയാർ സ്വദേശി പ്രാർഥന എസ്. രതീഷെന്ന എട്ടുവയസുകാരിയുടെ നേതൃത്വത്തിലുള്ള പാട്ടുസംഘം രണ്ടാഴ്ചയായി ചെങ്ങന്നൂരിലുണ്ട്
മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിക്കു ശേഷം ചെങ്ങന്നൂർ നഗരത്തിലേക്ക് എത്തുന്നതിനിടെ എതിരെവന്ന ബിജെപി റോഡ് ഷോയിൽ പങ്കെടുത്ത പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ഇവർ പോലീസിന് മൊഴി നൽകി. ആക്രമണത്തിൽ പരിക്കേറ്റ നഹാസിനെയും ആക്രമണ രംഗം കണ്ട് ഭയന്ന പ്രാർഥനയേയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് കേസെടുത്തു.