തിരുവല്ല : യാത്രക്കാരിൽ ആരോ ബസിന്റെ മണിയടിച്ചതിന്റെപേരിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർഥിയുടെ മുഖത്തടിച്ചു.
മർദ്ദനത്തിൽ കണ്ണിനു പരിക്കേറ്റ വിദ്യാർഥി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു.
തിരുവല്ല മതിൽഭാഗം സ്വദേശിക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ എംസി റോഡിലെ തുകലശേരിയിലായിരുന്നു സംഭവം.പന്തളത്തു നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന പന്തളം ഡിപ്പോയിലെ ഓർഡിനറി ബസിലെ കണ്ടക്ടർ മർദ്ദിച്ചതായാണ് പരാതി.
തിരുമൂലപുരത്തെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഹരിഹരൻ സുഹൃത്തുക്കളുമൊത്ത് തിരുമൂലപുരത്തു നിന്നുമാണ് ബസിൽ കയറിയത്. തുകലശേരി ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാരൻ ആരോ ബസിന്റെ മണിയടിച്ചു. ഇതോടെ കണ്ടക്ടർ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ആയിരുന്നുവെന്ന് വിദ്യാർഥിപറഞ്ഞു.
തുടർന്ന് ബസിൽ നിന്നും കുട്ടികളെ ഇറക്കിവിടുകയും ചെയ്തു. സംഭവം കണ്ട സമീപവാസികൾ ചേർന്ന് ബസ് തടഞ്ഞുനിർത്തിയെങ്കിലും വാക്കേറ്റത്തിനിടെ ബസ് ഓടിച്ചു പോയി.
അതേസമയം യാത്രയ്ക്കിടെ മർദ്ദനമേറ്റു എന്ന് പറയുന്ന വിദ്യാർഥി മൂന്നുവട്ടം തുടർച്ചയായി മണിയടിച്ചതായും ഇതേ തുടർന്ന് മണിയുടെ ചരടിനോടു ചേർന്ന് കമ്പിയിൽ കൈപിടിച്ചിരുന്ന വിദ്യാർഥിയുടെ കൈയെ തട്ടി മാറ്റുക മാത്രമാണ് ചെയ്തതെന്ന് കണ്ടക്ടർ സുധീഷ് പറഞ്ഞു.