കണ്ണൂർ: ബസിൽ കയറിയപ്പോൾ ഡ്രൈവറുടെ വക ചീത്തവിളിയും ഭീഷണിയും… ഡ്രൈവറുടെ കൂട്ടാളികളുടെ ദേഹോപദ്രവം ഏല്പിക്കൽ…പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ…പരാതിയുമായി പരിയാരം, പയ്യന്നൂർ പോലീസ് സ്റ്റേഷനുകളിൽ ചെന്നപ്പോൾ പോലീസുകാർ അങ്ങോടും ഇങ്ങോട്ടും ഇട്ട് ഓടിക്കുന്നു…ഒടുവിൽ വീടു കയറി ആക്രമിച്ചപ്പോൾ പരിയാരം പോലീസ് കേസെടുത്തു.
പിലാത്തറ കുറ്റൂരിൽ ലോട്ടറി വില്പനക്കാരിയായ 24 കാരിയായ അതിയടത്തെ കൊയിലേരിയൻ വീട്ടിൽ കെ. ദനിലക്കാണ് മുകളിൽ പറഞ്ഞ ദുരനുഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ബസ് ഡ്രൈവർ ഭീഷണിപ്പെടുത്തിയതിന് പോലീസിൽ പരാതി നൽകിയ വിരോധത്തിൽ ദനിലയെ മൂന്നംഗസംഘം വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ മാത്രമാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് ദനിലപറയുന്നതിങ്ങനെ-
കുറ്റൂർ ഇരൂൾ ബീവറേജിനു സമീപം ലോട്ടറി കച്ചവടം നടത്തി വരുന്ന തന്നെ പയ്യന്നൂർ-വെള്ളോറ റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീനിധി ബസിലെ ഡ്രൈവർ ശ്രീകാന്ത് ഓഗസ്റ്റ് 10ന് പയ്യന്നൂരിൽ നിന്ന് ബസിനകത്ത് വച്ച് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു.
തുടർന്ന് പിലാത്തറയിൽ ഇറങ്ങി പരിയാരം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനായി എത്തി. എന്നാൽ, പയ്യന്നൂരിൽ നടന്ന സംഭവമായത് കൊണ്ട് പയ്യന്നൂർ സ്റ്റേഷനിൽ പരാതി നൽകണമെന്ന് പറഞ്ഞ് പോലീസുകാർ തിരിച്ചയക്കുകയായിരുന്നു.
പയ്യന്നൂർ സ്റ്റേഷനിലെത്തി പരാതിപ്പെട്ടപ്പോൾ അന്വേഷിച്ച് വിളിപ്പിക്കാമെന്ന് പറഞ്ഞ് മടക്കി അയച്ചു. രണ്ടു ദിവസമായിട്ട് വിവരമൊന്നും ലഭിക്കാഞ്ഞതിനെ തുടർന്ന് സ്റ്റേഷനിൽ എത്തിയപ്പോൾ ബസ് ഡ്രൈവറെ വിളിപ്പിച്ചിരുന്നു എന്നാണ് പോലീസുകാർ പറഞ്ഞത്.
അന്ന് പയ്യന്നൂരിൽ നിന്ന് ബസിൽ കയറി പിലാത്തറയിൽ ഇറങ്ങിയപ്പോൾ മൂന്നുപേർ പിന്തുടർന്നെത്തി വീടിനടുത്ത് വച്ച് തന്റെ ഫോട്ടോയെടുത്തു. അടുത്ത ദിവസം രാവില പയ്യന്നൂർ സ്റ്റേഷനിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ വീടിനടുത്തു വച്ച് മൂന്നുപേർ ഭീഷണിപ്പെടുത്തി.
ശ്രീകാന്തിനെതിരെ പരാതിയുമായി മുന്നോട്ട് പോയാൽ കൈ ബാക്കിയുണ്ടാവില്ലെന്ന് പറഞ്ഞ് കൈ പിടിച്ച് തിരിച്ചു പരിക്കേൽപ്പിച്ചു. ഇതേ തുടർന്ന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഈ സംഭവത്തിൽ പരാതി നൽകാനായി പയ്യന്നൂർ സ്റ്റേഷനിൽ പോയപ്പോൾ സംഭവം നടന്നത് പരിയാരം സ്റ്റേഷൻ പരിധിയിലായതിനാൽ പരിയാരത്ത് പരാതി നൽകാൻ നിർദേശിച്ചു. ഇതു പ്രകാരം പരിയാരം സ്റ്റേഷനിൽ പോയപ്പോൾ പരാതി വാങ്ങി വച്ചെങ്കിലും വനിതാ പോലീസില്ലെന്ന് പറഞ്ഞുവിട്ടു.
അടുത്ത ദിവസം ബസ് ഡ്രൈവറെ വിളിപ്പിച്ച് ക്ഷമാപണം നടത്തിച്ച് പരാതി ഒത്തു തീർപ്പാക്കിയെങ്കിലും മറ്റു ചിലർ ഭീഷണി തുടരുകയായിരുന്നു.
ഇതിനിടയിൽ, ഇക്കഴിഞ്ഞ മൂന്നിന് വൈകുന്നേരം അഞ്ചിന് കണ്ടാലറിയാവുന്ന മൂന്നുപേർ വീട്ടിൽ അതിക്രമിച്ചു കയറി മുളകുപൊടി എറിഞ്ഞ ശേഷം വടികൊണ്ട് തലയ്ക്കും കാലിനും അടിച്ചു പരിക്കേൽപ്പിച്ചെന്നും ദനില പറയുന്നു. ഈ സംഭവത്തിൽ മാത്രമാണ് പരിയാരം പോലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്.