തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 2,000 കർഷകച്ചന്തകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പി.പ്രസാദ്. സെപ്റ്റംബർ ഒന്നു മുതൽ നാലുവരെയായിരിക്കും ചന്തകൾ. കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ ഏകോപനത്തോടെയാണ് കർഷകച്ചന്തകൾ തുറക്കുക.
കർഷകരിൽനിന്ന് 10% അധികവില നൽകി പച്ചക്കറി സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 30% കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് കർഷകച്ചന്തകൾ വഴി ലഭ്യമാക്കുകയും ചെയ്യും. ജൈവപച്ചക്കറികൾ, ഉത്തമ കൃഷിമുറകൾ പരിപാലിച്ച് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ എന്നിവ 20% അധികവില നൽകി സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 10% കുറച്ച് വില്പന നടത്തുകയും ചെയ്യും. ഇതിനായി 13 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽനിന്ന് സംഭരിക്കും. ഇതിനുള്ള മുന്നൊരുക്കം പൂർത്തിയാക്കി. ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക പച്ചക്കറി ഇനങ്ങളുടെ ലഭ്യത കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കും.
കേരള ഗ്രോ, ജൈവ ഉത്പന്നങ്ങൾ, കൃഷിക്കൂട്ടങ്ങളുടെ ഉത്പന്നങ്ങൾ, ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിൽപനയ്ക്കായി കർഷകച്ചന്തയിൽ പ്രത്യേക ക്രമീകരണമുണ്ടാകും.
കേരളത്തിനകത്തും പുറത്തും പച്ചക്കറി ലഭ്യതയെ ബാധിച്ചേക്കാമെന്ന ആശങ്ക കണക്കിലെടുത്ത്, സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ സമാഹരണത്തിന് ആക്്ഷൻ പ്ലാൻ തയാറാക്കാൻ കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. വിപണികളിൽ ഓണത്തിന് ആവശ്യമായ എല്ലാവിധ പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കുന്ന വിധമായിരിക്കും സംഭരണ ക്രമീകരണം ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു.
സ്വന്തം ലേഖകൻ