ടെക്സസ്: ആമസോൺ മേധാവി ജെഫ് ബെസോസിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ വീണ്ടും സഞ്ചാരികളുമായി ബഹിരാകാശത്തേക്ക്. ഇന്ത്യൻ വംശജനുൾപ്പെടെ ആറു സഞ്ചാരികളുമായി ബ്ലൂ ഒറിജിന്റെ ന്യൂഷെപ്പഡ് പേടകം ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം ആറിന് പടിഞ്ഞാറൻ ടെക്സസിലെ വിക്ഷേപണത്തറയിൽനിന്നു യാത്രയാകും. രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ള ബഹിരാകാശ അതിർത്തിയായ കാർമൻ ലൈനിനു മുകളിൽ വരെയാണു യാത്ര.
ആഗ്രയിൽ ജനിച്ചുവളർന്ന് അമേരിക്കയിൽ പൗരത്വമുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ അരവിന്ദർ സിംഗ് ബാഹലാണ് ദൗത്യസംഘത്തിലെ ഇന്ത്യൻ വംശജൻ. പൈലറ്റ് ലൈസൻസ് നേടിയിട്ടുള്ള ഇദ്ദേഹം യാത്ര ഹരമാക്കിയിട്ടുള്ള വ്യക്തികൂടിയാണ്. വിനോദസഞ്ചാരികള്ക്കായി പ്രത്യേകം തയാറാക്കിയ പേടകമാണ് ന്യൂ ഷെപ്പേഡ് ക്യാപ്സ്യൂൾ.
ഇതിൽ ആറുപേര്ക്ക് സഞ്ചരിക്കാാം. യാത്ര ബ്ലൂ ഒറിജിന്റെ വെബ്കാസ്റ്റിലൂടെ ഇതു സംപ്രേഷണം ചെയ്യും. ബ്ലൂ ഒറിജിന്റെ 34-ാമത് ദൗത്യമാണിത്. ഇതിനോടകം ബ്ലൂ ഒറിജിൻ 70 ഓളം പേരെ രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ള ബഹിരാകാശ അതിർത്തിയായ കാർമൻ ലൈനിനുമുകളിൽ എത്തിച്ചിട്ടുണ്ട്. 2000ത്തിലാണ് ബഹിരാകാശ ടൂറിസം എന്ന ആശയത്തില് ജെഫ് ബെസോസ് ബ്ലൂ ഒറിജിന് സ്ഥാപിക്കുന്നത്.
2015 മുതല് വെസ്റ്റ് ടെക്സാസിലെ വിക്ഷേപണ കേന്ദ്രത്തില്നിന്ന് ബ്ലൂ ഒറിജിന് റോക്കറ്റുകള് വിക്ഷേപിക്കുന്നുണ്ട്. ഭൂമിയില്നിന്ന് ഏതാണ്ട് 62 മൈല് ഉയരത്തില് സഞ്ചാരികളെ ബ്ലൂ ഒറിജിന് എത്തിക്കും. അത്ര ഉയരത്തിലെത്തുന്നതോടെ ഭൂഗുരുത്വമില്ലാത്ത അവസ്ഥ സഞ്ചാരികള്ക്ക് അനുഭവിക്കാം.
ഭൂമിയെ പുറത്തുനിന്നു നോക്കിക്കാണാനുള്ള അസുലഭാവസരവും ഈ സഞ്ചാരികള്ക്ക് ലഭിക്കും. ഏതാണ്ട് പത്തു മിനിറ്റോളം ഈ മായിക കാഴ്ചകള് പേടകത്തിനുള്ളില് ഭാരമില്ലായ്മ അനുഭവിച്ചുകൊണ്ട് ആസ്വദിക്കാന് സഞ്ചാരികള്ക്ക് സാധിക്കും.