കാസര്‍ഗോഡ്: പല പ്രണയങ്ങളും വിവാഹത്തില്‍ കലാശിക്കാത്തതിന്റെ കാരണം കമിതാക്കളുടെ മാതാപിതാക്കളാണ്. എന്നാല്‍ ഇരുവരുടെയും മാതാപിതാക്കള്‍ സമ്മതിച്ചിട്ടും കല്യാണം നടത്താന്‍ പോലീസിന്റെ സഹായം തേടേണ്ടി വന്നാല്‍ എന്താ ചെയ്യുക. കൊല്ലങ്കാനത്ത് രാമനായ്കിന്റെ മകന്‍ ബാലകൃഷ്ണയും ലാബ് ടെക്‌നീഷ്യയും വിദ്യാര്‍ത്ഥിനിയുമായ നിവേദിതയുമായുള്ള കല്യാണമാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസ് നടത്തിക്കൊടുത്തത്,
രണ്ടര വര്‍ഷം മുമ്പാണ് മംഗലൂരുവിലെ ഒരു വിവാഹച്ചടങ്ങില്‍ വച്ച്് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായതോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം കഴിക്കണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. എന്നാല്‍ ബാലകൃഷ്ണയുടെ അച്ഛനും നിവേദിതയുടെ അമ്മയും ഒഴികെ എല്ലാ ബന്ധുക്കളും ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇതോടെ വിവാഹത്തിന്റെ കാര്യങ്ങള്‍ തുലാസിലായി. വിവാഹം നടത്താനായി ഇവര്‍ രജിസ്റ്റര്‍ ഓഫീസില്‍ എത്തിയെങ്കിലും അപേക്ഷ നല്‍കി ഒരു മാസം കാത്തിരിക്കണമെന്ന അറിയിപ്പാണ് ലഭിച്ചത്. രണ്ടര വര്‍ഷം നീണ്ട തങ്ങളുടെ പ്രണയം സഫലമാക്കാന്‍ ബന്ധുക്കള്‍ തടസ്സമായതോടെ കമിതാക്കള്‍ പോലീസിന്റെ സഹായം തേടാന്‍ തീരുമാനിക്കുകയായിരുന്നു. അതോടെ അടുത്തുള്ള ക്ഷേത്രത്തില്‍ എത്തി വിവാഹിതരാകാന്‍ പൊലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു.
സ്റ്റേഷനില്‍ നിന്ന് സഹായം കിട്ടില്ലെന്ന് കണ്ടതോടെ ഇവര്‍ നഗരത്തിലെ ഒരു ജ്യൂവലറിയില്‍ നിന്നും താലിമാല വാങ്ങി വീണ്ടും സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഇവരുടെ പ്രണയത്തിന്റെ തീവ്രത ബോധ്യപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. എസ്.ഐ പി.അജിത്കുമാര്‍, എഎസ്‌ഐ വേണു കയ്യൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ മറ്റ് പൊലീസുകാരെയും ബാലകൃഷ്ണന്റെ അച്ഛനെയും നിവേദിതയുടെ അമ്മയേയും സാക്ഷികളാക്കിയാണ് പൊലീസ് വിവാഹം നടത്തി മാതൃകയായത്. ബന്ധുക്കള്‍ക്ക് ഇതു കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ…