മാരിക്കാറുകള്‍ മഴവില്ലാല്‍
തോരണങ്ങള്‍ തൂക്കുന്നു
മാനം പൂമഴ തൂകുന്നു
മദ്ദളമിടികള് മുഴക്കുന്നു
തുമ്പികള്‍ തംബുരു മീട്ടുന്നു
തുമ്പപ്പൂക്കള്‍ ചിരിക്കുന്നു
എന്നുള്ള ഒന്നാംക്ലാസിലെ പദ്യവരികള്‍ പലരുടെയും നാവിന് തുമ്പിലുണ്ടായിരിക്കും. കൊച്ചുകുട്ടി നര്‍ത്തനമാടാന്‍ മയിലിനെ മാടിവിളിക്കുന്നതാണ് പദ്യം. അന്നും ഇന്നും പീലിവിരിച്ചുനില്‍ക്കുന്ന മയിലിനെ കണ്ടാല്‍ നോക്കിനില്ക്കാത്തവര് ആരുമുണ്ടാകില്ല. എന്നാല്‍, മയിലിനെക്കാളേറെ ആകര്‍ഷകവും കൗതുകകരവുമാണ് മയൂരനൃത്തം.
മലബാറിലെ മയൂരനര്ത്തകനെന്ന് വിശേഷിപ്പിക്കാവുന്ന ബഹുമുഖ പ്രതിഭയാണ് പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രത്തിന് സമീപത്തെ “ശ്രീസന്നിധി’യിലെ ടി.എം. പ്രേംനാഥ്. ഗരുഡനൃത്തം, അര്‍ജുനനൃത്തം, കഥകളി എന്നിവക്ക് പുറമെ കഴിഞ്ഞ 22 വര്‍ഷമായി പൊയ്ക്കാലില്‍ മയൂരനൃത്തവും ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.
പോത്താങ്കണ്ടം ആനന്ദഭവനം ആശ്രമത്തിന്റെ അമരക്കാരനായ സ്വാമി കൃഷ്ണാനന്ദ ഭാരതിയാണ് 2003-ല്‍ മയൂരനൃത്തിന്റെ ആകര്‍ഷണ കേന്ദ്രമായ മയില്പീലിത്തുണ്ടുകള് പ്രേംനാഥിന്റെ ചിന്തകളിലേക്ക് ചാര്‍ത്തിക്കൊടുത്തത്. അറിയപ്പെടുന്ന മയൂരനര്ത്തകന് കോട്ടയം ഏറ്റുമാനൂര്‍ ചൂരക്കുളങ്ങരയിലെ കുമാരനെല്ലൂര്‍ മണിയുമായി സ്വാമിജിക്കുണ്ടായിരുന്ന ബന്ധമാണ് ഇതിനിടയാക്കിയത്. ഇതേത്തുടര്‍ന്ന് പൊയ്ക്കാലിലേറാന് മാനസികമായി ഒരുങ്ങിയ പ്രേംനാഥിന് പോത്താങ്കണ്ടം ആനന്ദഭവനില്‍ വച്ചായിരുന്നു മണിയാശാനെ കൊണ്ടുവന്ന് പരിശീലനം നല്‍കിയത്. ആശ്രമത്തിന് സമീപം കണ്ടെത്തിയ കുമിഴ് മരം മുറിച്ചാണ് അതില്‍ കോട്ടയത്തുനിന്നു കൊണ്ടുവന്ന വിദഗ്ദനായ ആശാരിയെക്കൊണ്ട് പൊയ്ക്കാലുണ്ടാക്കിയത്.
മയില്‍പ്പീലിയും മറ്റും പിടിപ്പിച്ച് അരയില്‍ ബന്ധിപ്പിക്കേണ്ട ഇരുപത് കിലോയോളം തൂക്കം വരുന്ന കുമിഴിന്റെ മയില്‍ രൂപത്തിലുള്ള ചട്ടം ഒറ്റത്തടിയില്‍ ചെത്തി മിനുക്കിയെടുത്തതും ഗുരു അയച്ച ആശാരിയായിരുന്നു. അഞ്ചുമാസത്തോളം നീണ്ട പരിശീലനം പൂര്‍ത്തീകരിച്ച പ്രേംനാഥ് 2003-ല്‍ ആനന്ദഭവന് ആശ്രമത്തിലെ നവരാത്രിയാഘോഷത്തോടുനുബന്ധിച്ചായിരുന്നു തെക്കന്‍ കേരളത്തിന്റെ ഈ കലാരൂപത്തിന്റെ അരങ്ങേറ്റം കുറിച്ചത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ വാദ്യമേളത്തിന്റെ അകമ്പടിയോടെയായിരുന്നു മലബാറിലെ ആദ്യ മയൂരനര്ത്തനത്തിന്റെ അരങ്ങേറ്റവും. ഇതിനിടയാക്കിയ സ്വാമി കൃഷ്ണാനന്ദ ഭാരതിയോടാണ് നന്ദിപറയേണ്ടതെന്ന് പ്രേംനാഥ് പറയുന്നു.
മയൂര നര്‍ത്തനത്തിന്റെ പശ്ചാത്തലം
കുമാരനെല്ലൂര്‍ രാജാക്കന്മാരുടെ കാലത്ത് പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്രസന്നിധികളിലായിരുന്നു മയൂരനൃത്തം അരങ്ങേറിയിരുന്നത്. പിന്നീട് ആനയെഴുന്നുള്ളത്തോടുകൂടി ക്ഷേത്രങ്ങളില്‍ വഴിപാടായി നടത്താന്‍ തുടങ്ങി. സ്കന്ദപുരാണത്തിലെ ശൂരപദ്മാസുര വധമാണ് മയൂരനര്ത്തനത്തിന്റെ പശ്ചാത്തലമാകുന്നത്. താരകാസുരനെ വധിച്ചശേഷം മയിലിന്റെ പുറത്തേറിയുള്ള ശ്രീ സുബ്രഹ്മണ്യന്റെ വിജയശ്രീലാളിതനായുള്ള വരവാണ് നൃത്തരൂപത്തിലൂടെ ആവിഷ്കരിക്കുന്നത്.
മയൂരനര്ത്തനത്തിന്റെ പശ്ചാത്തലമിതാണെങ്കിലും ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇത് അവതരിപ്പിക്കാനായുള്ളതെന്ന് പ്രേംനാഥ് പറഞ്ഞു. ഇവരുടെ കൂട്ടത്തില്‍ പ്രമുഖനായ കുമാരനെല്ലൂര്‍ മണിയെയാണ് സ്വാമി കൃഷ്ണാനന്ദ ഭാരതി പ്രേംനാഥിന്റെ ഗുരുവായി കണ്ടെത്തിയത്. 15 വയസ് മുതല്‍ കഥകളി പഠിച്ചത് മയൂരനൃത്തത്തിന് സഹായകമായെന്നും, ഗരുഡനൃത്തവും അര്‍ജുനനൃത്തവും കഥകളിയും പഠിച്ചവര്‍ മയൂരനൃത്തത്തിലേക്ക് വരാന്‍ മടിക്കുന്നതിനാല്‍ ഈ നാലു കലാരൂപങ്ങളും പഠിച്ചവര്‍ അത്യപൂര്വമായിരിക്കുമെന്നും പ്രേംനാഥ് പറയുന്നു.
ഒന്നരയടി ഉയരമുള്ള പൊയ്ക്കാലില്‍ ശരീരഭാരത്തിന്റെ തുലനം നിലനിര്‍ത്തി അതിസൂക്ഷ്മതയോടെയുള്ള ചുവടുവയ്പ്പുകളിലൂടെയാണ് മയൂരനര്‍ത്തനം അരങ്ങേറുന്നത്. രണ്ടിഞ്ചില്‍ താഴെയാണ് നിലത്തുമുട്ടുന്ന പൊയ്ക്കാലിന്റെ ചുറ്റളവ്. ഒന്നരയടി ഉയരത്തില്‍ പാദങ്ങള്‍ വയ്ക്കാനുള്ളിടത്തും മുട്ടിന് താഴേയുമായി പൊയ്ക്കാലിനെകെട്ടി ബന്ധിപ്പിച്ചാണ് ഒരുക്കങ്ങള്‍ തുടങ്ങുന്നത്. കഥകളിയിലെ മുഖത്തെഴുത്തും അടയാഭരണങ്ങളുടെ കുറേ ഭാഗവും ചേര്‍ത്തുള്ള ചമയങ്ങള്‍ മയൂരനൃത്തത്തിന്റെ അഴക് വര്‍ധിപ്പിക്കുന്നു. അരയില്‍ ബന്ധിപ്പിച്ച മരത്തടിയില്‍ അഞ്ച് അടുക്കുകളിലായി രണ്ടായിരത്തോളം മയില്‍പ്പീലികളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ മയില്പീലികള് തന്നെയാണ് മയൂരനൃത്തത്തിന്റെ വശ്യതയും. പഞ്ചവാദ്യം, ചെണ്ടമേളം, തായമ്പക എന്നിവയാണ് പശ്ചാത്തലമായി ഉപയോഗിക്കുന്നത്. കുണ്ടനാച്ചി, പാഞ്ചാരി, മുറിയടന്ത, ഏകം, തൃപുട, ചെമ്പട താളങ്ങളാണ് മയൂരനര്ത്തനത്തിനായി ഉപയോഗിക്കുന്നത്.
പ്രോത്സാഹനം ലഭിക്കാതെപോയ നാടന്‍കല
കാര്യമായ വരുമാനമൊന്നും ഇതിലൂടെ ലഭിക്കുന്നില്ലെങ്കിലും ഒരനുഷ്ഠാനമെന്ന രീതിയിലാണ് പ്രേംനാഥ് മയൂര നൃത്തത്തെ കാണുന്നതും അവതരിപ്പിക്കുന്നതും. കേന്ദ്രസര്‍ക്കാരിന്റെ ഭാരത് ഭവന് സാംസ്കാരിക സംഘടന ഇന്ത്യയ്ക്കകത്തും പുറത്തുമായി സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ പ്രേംനാഥ് മയൂരനൃത്തം അവതരിപ്പിച്ചിട്ടുണ്ട്. രജനീകാന്തിന്റെ വേട്ടയാന്‍ സിനിമയിലെ പാട്ടുസീനില്‍ മയൂരനൃത്തം അവതരിപ്പിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി പ്രേംനാഥ് കരുതുന്നു.
ക്ഷേത്രോത്സവത്തിനും ആനയെഴുന്നള്ളത്തിനും ഘോഷയാത്രകള്‍ക്കും വര്‍ണപ്പൊലിമ ചാര്‍ത്താനായി സംഘാടകര്‍ പ്രേംനാഥിനെ ക്ഷണിക്കാറുണ്ട്. മലബാര്‍ മേഖലയില്‍ മയൂരനൃത്തത്തില് പ്രേംനാഥിന് പകരം വയ്ക്കാന്‍ മറ്റാരുമില്ലായെന്നതാണവസ്ഥ. അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ കലകള്‍ക്കായി ജീവിതം മാറ്റിവയ്ക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ പ്രോത്സാഹനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്. അന്യം നില്ക്കുന്ന കലകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫോക്ലോര് അക്കാദമിയും പ്രേംനാഥിനെ മറന്ന മട്ടാണ്. ഫോണ്‍: 9656921076. സംഗീതാധ്യാപിക ശ്രീകലയാണ് ഭാര്യ. മക്കള്‍: നിലീന, നയനിക.
പീറ്റര്‍ ഏഴിമല