ന്യൂയോർക്ക്: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഇന്തോ-അമേരിക്കൻ മുസ്ലിം ന്യൂയോർക്ക് സിറ്റിയുടെ മേയറായി. മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനി വലിയ ജയമാണു കരസ്ഥമാക്കിയത്.
സ്വതന്ത്രസ്ഥാനാർഥിയും മുൻ ഗവർണറുമായ ആൻഡ്രു ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി മംദാനി ന്യൂയോർക്ക് സിറ്റി മേയറാകുന്നത്. 34 കാരനായ മംദാനി, ന്യൂയോർക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും.
മംദാനിയുടെ വിജയം പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി. മംദാനിക്കെതിരേ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പരസ്യമായി രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് ലോകശ്രദ്ധയാകർഷിച്ചിരുന്നു.
ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി. കടുത്ത എതിർപ്പുകൾക്കിടയിലും മംദാനി നേടിയ വിജയം, അമേരിക്കൻ രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന പുരോഗമനപരമായ ചിന്താഗതിയുടെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.
ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. രണ്ടു ദശലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ബോർഡ് അറിയിച്ചു.
സൊഹ്റാൻ മംദാനി
1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ച മംദാനി, ഉഗാണ്ടൻ പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരി മീര നായരുടെയും മകനാണ്. അദ്ദേഹത്തിന്റെ ആദ്യകാലങ്ങൾ ഉഗാണ്ടയിലായിരുന്നു.
പിന്നീട്, ദക്ഷിണാഫ്രിക്കയിലേക്കും തുടർന്ന് ന്യൂയോർക്ക് സിറ്റിയിലേക്കും കുടിയേറി. ബാങ്ക് സ്ട്രീറ്റ് സ്കൂൾ ഫോർ ചിൽഡ്രനിലും ബ്രോങ്ക്സ് ഹൈ സ്കൂൾ ഓഫ് സയൻസിലും പഠിച്ചു. 2014 ൽ ബൗഡോയിൻ കോളജിൽ നിന്ന് ആഫ്രിക്കാന സ്റ്റഡീസിൽ ബിരുദം നേടി. അവിടെ അദ്ദേഹം സ്റ്റുഡന്റസ് ഫോർ ജസ്റ്റിസ് ഇൻ പാലസ്തീൻ എന്ന സംഘടനയുടെ സഹസ്ഥാപകനായിരുന്നു.
മംദാനിയുടെ സ്ഥാനാർഥിത്വം പ്രത്യയശാസ്ത്രപരമായ ഭിന്നതയ്ക്കു കാരണമായി. പലസതീൻ അനുകൂല സംഘടനയുടെ വക്താവായ മംദാനി ന്യൂയോർക്കിന്റെ മേയറാകുന്നതിൽ ട്രംപ് ഉൾപ്പെടെയുള്ള വലിയ വിമർശനം ഉന്നയിച്ചിരുന്നു.
ട്രംപ് ഉൾപ്പെടെയുള്ളവർ മംദാനി അമേരിക്കു വലിയ ഭീഷണിയാകുമെന്ന പ്രചാരണവും നടത്തിയിരുന്നു. വിജയിച്ചാൽ നഗരം ഏറ്റെടുക്കുമെന്നും മംദാനിയെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തിയ ട്രംപിനെ, മംദാനി എങ്ങനെ നേരിടും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

