ഡെറാഡൂൺ/മാണ്ഡി: ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘവിസ്ഫോടനത്തുടർന്നുണ്ടായ പ്രളയത്തിൽ വൻ നാശം. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികവിവരം. നിരവധിപ്പേരെ കാണാതായി. എന്നാൽ, ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല. റോഡുകളും പാലവും തകർന്നു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
നിരവധിപ്പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി പ്രദേശികഭരണകൂടങ്ങൾ പറഞ്ഞു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ മേഖലയിലെത്തിയിട്ടുണ്ട്.ഇന്നലെ രാത്രി ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഉണ്ടായ കനത്ത മഴയിൽ തപോവനിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ സഹസ്രധാരയിലും ഐടി പാർക്ക് പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമായി. രണ്ടുപേരെ കാണാതായതായി റിപ്പോർട്ടുണ്ട്. കർലി നദിയിലുണ്ടായ വെള്ളപ്പൊക്കം ചുറ്റുമുള്ള പ്രദേശത്ത് കനത്ത നാശം വരുത്തി. പ്രദേശത്തെ ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
ഡെറാഡൂണിലെ സഹസ്രധാരയിൽ കനത്ത മഴയെത്തുടർന്ന് വ്യാപാരസ്ഥാപനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്സിൽ കുറിച്ചു. പ്രാദേശിക ഭരണകൂടവുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ധാമി പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് ബുൾഡോസറുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഡെറാഡൂണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം, ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ദേവാൽ തെഹ്സിലിനു കീഴിലുള്ള മോപാറ്റ ഗ്രാമത്തിൽ ഉണ്ടായ മേഘസ്ഫോടനത്തിൽ രണ്ടു പേരെ കാണാതായിരുന്നു. ഈമാസം 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെറാഡൂണിലെ വെള്ളപ്പൊക്ക സ്ഥിതിഗതികൾ വിലയിരുത്താൻ സന്ദർശനം നടത്തിയിരുന്നു. ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. 1,200 കോടി രൂപയുടെ സാമ്പത്തികസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഹിമാചൽ പ്രദേശിന്റെ പല ഭാഗങ്ങളിലും കനത്ത മഴ വീണ്ടും നാശം വിതച്ചു. ഇന്നലെ രാത്രി മാണ്ഡിയിലെ ധരംപുരിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി. ബസുകളടക്കം നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായി. ജനജീവിതം താറുമാറായി. ഒരാളെ കാണാതായതായും റിപ്പോർട്ടുണ്ട്. കനത്ത മഴ കാരണം സോൺ ഖഡ്ഡിന്റെ ജലനിരപ്പും ഗണ്യമായി ഉയർന്നു.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വീടുകളിലും കടകളിലും വെള്ളം കയറി. പ്രദേശവാസികളെ സുരക്ഷിതസ്ഥാനങ്ങിളിലേക്കു മാറ്റിപ്പാർപ്പിച്ചു.ജൂൺ 20ന് മൺസൂൺ ആരംഭിച്ചതിനു ശേഷം പ്രകൃതിദുരന്തത്തിൽ സംസ്ഥാനത്ത് ഇതുവരെ 409 പേർ മരിച്ചു. 41 പേരെ കാണാതായി. 180 പേർ വാഹനാപകടങ്ങളിൽ മരിച്ചവരാണ്. ഇതുവരെ 4,504 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായതായി അധികൃതർ അറിയിച്ചു.
ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 15 വരെയുള്ള മൺസൂൺ സീസണിൽ ഹിമാചൽ പ്രദേശിൽ സാധാരണയായി ലഭിക്കേണ്ട 689.6 മില്ലീമീറ്റർ മഴയ്ക്ക് പകരം 991.1 മില്ലീമീറ്റർ മഴ ലഭിച്ചു. 44 ശതമാനം കൂടുതൽ മഴയാണ് പെയ്തത്.