ന്യൂഡൽഹി: അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഈ വർഷം ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഡിസംബർ 12 മുതൽ 15 വരെ മൂന്നു ദിവസങ്ങളിലായി കോൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്.
ഡിസംബർ 12ന് രാത്രി 10നു കോൽക്കത്തയിൽ എത്തുന്ന താരം രണ്ട് പകലും ഒരു രാത്രിയുമടക്കം സന്ദർശന വേളയിലെ കൂടുതൽ സമയം വിവിധ പരിപാടികളിലായി അവിടെ ചിലവഴിക്കും. കോൽക്കത്തയിൽ ലോകകപ്പ് ജേതാവിന്റെ 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം, ‘ഗോട്ട് കപ്പ്’, കുട്ടികളുമായി മാസ്റ്റർ ക്ലാസ്, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച തുടങ്ങിയവയാണ് താരത്തിന്റെ ഇന്ത്യൻ സന്ദർശന പദ്ധതി.
14 വർഷശേഷം
14 വർഷങ്ങൾക്കു ശേഷമാണ് താരം ഇന്ത്യയിലേക്ക് വീണ്ടുമെത്തുന്നത്. 2011ൽ കോൽക്കത്തയിൽ നടന്ന വെനസ്വേലയ്ക്കെതിരായ പ്രദർശന മത്സരത്തിൽ അർജന്റൈൻ ടീമിനൊപ്പം മെസി ഉണ്ടായിരുന്നു. 15ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയോടെ മെസിയുടെ ഇന്ത്യൻ സന്ദർശനം അവസാനിക്കും. ഡൽഹിയിൽ ഫുട്ബോൾ പ്രേമികളായ കുട്ടികളുമായി തന്റെ വിജയതന്ത്രങ്ങളുമായി പ്രചോദനമാകുന്ന മാസ്റ്റർ ക്ലാസ് നടക്കും. മെസി കേരളത്തിലെത്തില്ല എന്നാണ് റിപ്പോർട്ട്.
മെസി x ധോണി ?
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ലയണൽ മെസി ക്രിക്കറ്റ് ബാറ്റ് കൈയിലെടുക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഡിസംബർ 14ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെവൻ എ സൈഡ് ക്രിക്കറ്റ് മത്സരത്തിൽ സച്ചിൻ തെണ്ടുൽക്കർ, എം.എസ്. ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ താരങ്ങൾക്കൊപ്പം മെസി ക്രിക്കറ്റ് കളിക്കുമെന്നാണ് സൂചന.
മെസിയുടെ സന്ദർശനം ഇങ്ങനെ
- ഡിസംബർ 12: കോൽക്കത്തയിൽ രാത്രി 10ന് എത്തും.
- ഡിസംബർ 13: രാവിലെ ഒന്പതിന് മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി. ലേക്ക് ടൗണ് ശ്രീഭൂമി, വിഐപി റോഡിൽ പ്രതിമ അനാച്ഛാദനം. ഉച്ചയ്ക്ക് 12 മുതൽ 1.30 വരെ ഈഡൻ ഗാർഡൻസിൽ ഗോട്ട് കപ്പ്.
- ഡിസംബർ 13: അഹമ്മദാബാദിലെ ശാന്തിഗ്രാമിൽ അദാനി ഫൗണ്ടേഷന്റെ സ്വകാര്യ പരിപാടി.
- ഡിസംബർ 14: മുംബൈയിൽ മീറ്റ്-ആൻഡ്-ഗ്രീറ്റ് പരിപാടി വൈകുന്നേരം 3.45ന്. വൈകുന്നേരം 5.30ന് വാങ്കഡേ സ്റ്റേഡിയത്തിൽ ഗോട്ട് കപ്പ്.
- ഡിസംബർ 15: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച. ഉച്ചയ്ക്ക് 2.15ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഗോട്ട് കപ്പ്.