ന്യൂയോർക്ക്: പരിസ്ഥിതിയിലേക്കു തള്ളപ്പെടുന്ന വലിയ അളവിലുള്ള മാലിന്യങ്ങളിൽനിന്നു വിഘടിക്കപ്പെടുന്ന മൈക്രോപ്ലാസ്റ്റിക് ആഗോള ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നു പഠനം. സസ്യങ്ങളുടെ പ്രകാശസംശ്ലേഷണശേഷിയെ മൈക്രോപ്ലാസ്റ്റിക് തകരാറിലാക്കും. ചോളം, അരി, ഗോതമ്പ് തുടങ്ങിയ സുപ്രധാന വിളകളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
വ്യാപക മലിനീകരണം നാലു ശതമാനം മുതൽ 14 ശതമാനം വരെ കാർഷികോത്പാദനം നഷ്ടപ്പെടുത്തുന്നതായി വിദഗ്ധർ കണക്കാക്കുന്നു.
എവറസ്റ്റ് കൊടുമുടി മുതൽ ആഴമേറിയ സമുദ്രങ്ങൾ വരെ മൈക്രോപ്ലാസ്റ്റിക് കണികകൾ നിറഞ്ഞിരിക്കുന്നു.
സസ്യങ്ങളെ പല തരത്തിൽ മൈക്രോപ്ലാസ്റ്റിക് നശിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. മലിനീകരണമുണ്ടാക്കുന്ന കണികകൾ ഇലകളിൽ സൂര്യപ്രകാശം എത്തുന്നത് തടയുകയും മണ്ണിനെ നശിപ്പിക്കുകയും ചെയ്യും.
മൈക്രോപ്ലാസ്റ്റിക് മലിനീകരണം വർധിച്ചുവരുന്നതിനാൽ, വരും വർഷങ്ങളിൽ ഇതിന്റെ ഫലങ്ങൾ കൂടുതൽ വഷളായേക്കാം. 2022 ൽ 700 ദശലക്ഷം ആളുകളെ ബാധിച്ച പ്രതിസന്ധി, 2040 ആകുമ്പോഴേക്കും 400 ദശലക്ഷം ആളുകളെക്കൂടി പട്ടിണിയിലേക്കു തള്ളിവിടുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. കണ്ടെത്തലുകൾ ആശങ്കാജനകമാണെങ്കിലും, ഡാറ്റ സ്ഥിരീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ ഊന്നിപ്പറയുന്നു.