ഇരിട്ടി: 21.5 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ഇരിട്ടിയിലെ മിനി സിവിൽസ്റ്റേഷൻ കെട്ടിടം മാസങ്ങളായി അടഞ്ഞു കിടക്കുന്നു. താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിൽ താലൂക്ക് ഓഫിസ് ഉൾപ്പെടെ ഡസനോളം സർക്കാർ ഓഫിസുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് അതിനെല്ലാമായി നിർമിച്ച കെട്ടിടം അടഞ്ഞു കിടക്കുന്നത്.
പുതിയ കെട്ടിടത്തിൽ ഫർണിച്ചർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വൈകുന്നതാണ് തുറന്നു പ്രവർത്തിക്കുന്നതിന് തടസമെന്നാണ് സൂചന. ഓഫിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും യഥാസമയം ഒരുക്കിയിരുന്നുവെങ്കിൽ കെട്ടിടം ഒരുങ്ങുമ്പോൾ തന്നെ ഓഫിസ് മാറ്റവും സാധ്യമാകുമായിരുന്നു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പയഞ്ചേരിമുക്കിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥത യിലുള്ള ഒരേക്കർ സ്ഥലത്താണ് അഞ്ച് നിലകളുള്ള മിനി സിവിൽ സ്റ്റേഷൻ നിർമിച്ചത്. 60,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന് ആദ്യം 18 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്.
ജിഎസ്ടി നിരക്ക് പുതുക്കിയതോടെയാണ് കരാർ തുക വർധിച്ചത്. 2022 നവംബർ ഏഴിനാണ് നിർമാണപ്രവൃത്തി ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ശിലാസ്ഥാപനം നിർവഹിച്ചത്. ഇരിട്ടി താലൂക്കിലെ വിവിധ സർക്കാർ ഓഫിസുകളെ ഒരു കുടക്കീഴിലാക്കി പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനി സിവിൽ സ്റ്റേഷൻ നിർമിച്ചത്.തെരഞ്ഞെടുപ്പിന് മുമ്പ് കെട്ടിടം ഉദ്ഘാടനം നടത്താൻ ശ്രമം ഉണ്ടായെങ്കിലും പൂർത്തിയാനായില്ല.
താലൂക്ക് ഓഫിസിന് പുറമേ സിവിൽ സപ്ലൈസ് ഓഫിസ്, ജോയിന്റ് ആർടിഒ ഓഫിസ്, അസിസ്റ്റന്റ് ലേബർ ഓഫിസ്, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ്, ക്ഷീരവികസന ഓഫിസ്, പട്ടികവർഗ ക്ഷേമ ഓഫിസ്, ഇരിട്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസ്, സബ് ട്രഷറി, ലാൻഡ് ട്രൈബ്യൂണൽ ഓഫിസ് തുടങ്ങിയവയെല്ലാം നിലവിൽ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
വിവിധ വകുപ്പുകൾക്ക് കെട്ടിടത്തിൽ മുറികൾ അനുവദിക്കുന്നതിനുള്ള പ്രാഥമിക പരിശോധന തഹസിൽദാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഓഫിസ് മാറ്റത്തിനുള്ള ചെലവും നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്.
