
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു. ശബാഷ് മിതു എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ തപ്സി പന്നുവാണു മിതാലിയെ അവതരിപ്പിക്കുന്നത്. വയാകോമിനുവേണ്ടി റയീസ് ഫെയിം രാഹുൽ ധൊലാക്കിയയാണു ചിത്രം സംവിധാനം ചെയ്യുന്നത്.
മിതാലിയുടെ ജൻമദിനത്തിലാണ് ചിത്രം പ്രഖ്യാപിക്കുന്നത്. ചൊവ്വാഴ്ചയാണു മിതാലി 37-ാം ജൻമദിനം ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ തപ്സി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ട്വന്റി 20 ക്രിക്കറ്റിൽനിന്നു വിരമിച്ച മിതാലി, ഏകദിനത്തിൽ കളിക്കുന്നുണ്ട്. ഇന്ത്യൻ ടീമിനെ നയിക്കുന്നതും മിതാലിയാണ്. 209 ഏകദിനങ്ങളിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ മിതാലി, 50.64 ശരാശരിയിൽ 6888 റണ്‍സ് നേടിയിട്ടുണ്ട്.