യുഎഇയ്ക്ക് പുറമേ തായ്‌ലന്‍ഡില്‍ നിന്നുള്ള സഹായ വാഗ്ദാനവും നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍! സഹായ നിരസനം 2004 ലെ ദുരിതാശ്വാസ സഹായ നയം ചൂണ്ടിക്കാട്ടി; കേരളത്തില്‍ അമര്‍ഷം പുകയുന്നു

നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ മുങ്ങിത്താഴുന്ന കേരളത്തിന് വിദേശരാജ്യങ്ങള്‍ നല്‍കുന്ന സഹായം വേണ്ടെന്ന തീരുമാനത്തില്‍ ഉറച്ച് കേന്ദ്രം. യുഎഇയുടെ സഹായം നിരസിച്ചതിന് പിന്നാലെ കേരളത്തിലേക്ക് തായ്ലന്‍ഡില്‍നിന്നുള്ള ധനസഹായ വാഗ്ദാനവും നിരസിച്ചിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

കേരളത്തിന് സഹായം നല്‍കാമെന്ന് ചൂണ്ടിക്കാട്ടി തായ്ലന്‍ഡ് അംബാസിഡര്‍ ചുതിന്‍ടോണ്‍ സാം ഗോംഗ്‌സാക്ദി അയച്ച കത്തിന് മറുപടിയായിട്ടാണ് സഹായ വാഗ്ദാനം വിദേശകാര്യ മന്ത്രാലയം നിരസിച്ചിരിക്കുന്നത്. യുഎഇയുടെ 700 കോടി രൂപ ഉള്‍പ്പെടെയുള്ള സഹായ വാഗ്ദാനം നിരസിച്ച നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കേരളത്തില്‍ രാഷ്ട്രീയ അമര്‍ഷം പുകയുകയാണ്. 2004ലെ ദുരിതാശ്വാസ സഹായ നയത്തില്‍ വിദേശ രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, ഏതെങ്കിലും രാജ്യങ്ങള്‍ സ്വമേധയാ സഹായ വാഗ്ദാനം നല്‍കിയാല്‍ അത് കേന്ദ്രത്തിന് സ്വീകരിക്കാമെന്നും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് പരിഗണിക്കാതെയാണ് കേരളത്തിന് ലഭിക്കുന്ന സഹായ വാഗ്ദാനങ്ങള്‍ എല്ലാം തന്നെ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരസിക്കുന്നത്. കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വിദേശ സഹായം സ്വീകരിക്കുന്നില്ലെന്ന് കേന്ദ്രം അനൗദ്യോഗികമായി അറിയിച്ചതായി സാം ട്വിറ്ററില്‍ പറഞ്ഞു.

തായ്ലന്‍ഡിന്റെ ഹൃദയം ഭാരതത്തിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ പണം നല്‍കുന്നത് കീഴ്‌വഴക്കത്തിന്റെ ലംഘനമാണെന്നാണ് സഹായങ്ങള്‍ നിരസിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം. വ്യക്തികള്‍ വഴിയോ എന്‍ജിഒകള്‍ വഴിയോ മാത്രമെ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയൂ എന്നും വിദേശകാര്യമന്ത്രാലയം പറയുന്നു.

2004 നു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്. ഇതാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

Related posts