പ്രസംഗിക്കാനുള്ള സമയമല്ലെന്ന് പറഞ്ഞപ്പോള്‍ ആഘോഷിക്കാനുള്ള സമയമല്ലെന്ന് പരിഭാഷക! ഈശ്വരനോട് പ്രാര്‍ത്ഥിക്കാം എന്നുപറഞ്ഞത് ഈശ്വരനാമത്തില്‍ എന്നായി; പൂന്തുറയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പരിഭാഷയില്‍ തെറ്റുകളുടെ പൂരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂന്തുറപ്രസംഗത്തിലെ പരിഭാഷയില്‍ തെറ്റുകളുടെ പൂരം. മോദി പറഞ്ഞതൊന്നും പരിഭാഷക പറഞ്ഞത് മറ്റൊന്നുമായിരുന്നു. മാത്രമല്ല പ്രധാനമന്ത്രി പറഞ്ഞ പല കാര്യങ്ങളും അവര്‍ പരിഭാഷപ്പെടുത്താതെ വിടുകയും ചെയ്തു. കേരളത്തില്‍ നിന്നു പോയ മത്സ്യത്തൊഴിലാളികളില്‍ പലരും വിദേശ രാജ്യങ്ങളിലെത്തിയിരിക്കുകയാണെന്നും ഇവരുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞെങ്കിലും ഇത് പരിഭാപ്പെടുത്തുകയുണ്ടായില്ല. മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ പരിശ്രമവും നടത്തുമെന്നു പറഞ്ഞപ്പോള്‍ അത് പരിഭാഷകയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മോദി പറഞ്ഞപ്പോള്‍ പരിഭാഷക പറഞ്ഞത് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നാണ്.

ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ആഘോഷത്തിനുള്ള സമയമല്ലെന്നായിരുന്നു പരിഭാഷ. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കനുസരിച്ച് പരമാവധി സഹായം നല്‍കാം എന്നു പ്രധാനമന്ത്രി പറഞ്ഞതും പരിഭാഷപ്പെടുത്തിയില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ഈശ്വരന്റെ പേരില്‍ നിങ്ങള്‍ക്കുറപ്പുതരുന്നു എന്നാണ് പരിഭാഷക പറഞ്ഞത്. പരിഭാഷകയ്ക്ക് പറ്റിയ അബദ്ധത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ളവര്‍ പല അവസരങ്ങളിലും അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പ്രസംഗം നടന്നുകൊണ്ടിരിക്കെ തന്നെ പരിഭാഷകയെ മാറ്റി വി. മുരളീധരനെക്കൊണ്ട് പരിഭാഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും മുരളീധരന്‍ വേദിക്ക് അരികില്‍ എത്തിയപ്പോഴേക്കും മോദി പ്രസംഗം അവസാനിപ്പിച്ചിരുന്നു.

Related posts