ഹരിപ്പാട്: ഒന്നരപതിറ്റാണ്ടുമുന്പ് ഉടുതുണി ഒഴികെയുള്ളതെല്ലാം കവർച്ച ചെയ്യപ്പെട്ട വീട്ടിൽ പട്ടാപ്പകൽ വീണ്ടും മോഷണം. കാർത്തികപ്പള്ളി വടക്ക് അന്പഴവേലിൽ മനുവില്ലയിൽ ജോസഫ് മാത്യുവിന്റെ വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്. നേരത്തെ നടന്ന മോഷണത്തിന്റെ ആവർത്തനമെന്നപോലെ വിവാഹത്തിന് പോയ സമയമാണ് മോഷ്ടാക്കൾ ഇത്തവണയും തെരഞ്ഞെടുത്തത്.
ഇന്നലെ പുലർച്ചെ ജോസഫ് മാത്യുവും ഭാര്യയും വീട് പൂട്ടി വിവാഹത്തിന് പോയ ശേഷം വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിലെ അലമാര തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവന്റെ ആഭരണങ്ങളും, പെൻഷൻ ലഭിച്ച 66,500 രൂപയുമാണ് നഷ്ടപ്പെട്ടത്. അടുക്കള വാതിൽ തകർത്താണ് മോഷ്ടാക്കൾ വീടിന്റെ അകത്ത് കടന്നത്.
അലമാരയിൽ തന്നെ താക്കോൽ വച്ചിരുന്നതിനാൽ അത് ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയത്. വീട്ടിലെ മറ്റ് മുറികളിലും മോഷ്ടാക്കൾ പരിശോധന നടത്തിയിട്ടുണ്ട്. വീട്ടിലെ സിസിടിവിയും നശിപ്പിച്ച നിലയിലാണ്. 15 വർഷം മുന്പ് ടിവിയും ഫ്രിഡ്ജും വീട്ടുപകരണങ്ങളും പണവും തുണിയുമടക്കം ഇവിടെ നിന്ന് കവർച്ച ചെയ്യപ്പെട്ടിരുന്നു.
അന്ന് ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുക്കുവാൻ ജോസഫും കുടുംബവും എറണാകുളത്ത് പോയി രാത്രിയിൽ അവിടെ തങ്ങിയ സമയത്ത് ടെന്പോ വാനിലാണ് വീട്ടു സാധനങ്ങൾ മോഷ്ടാക്കൾ കടത്തിയത്. പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികിട്ടിയില്ല.
നേരത്തെ നടന്ന മോഷണത്തെത്തുടർന്നാണ് വീട്ടിൽ സിസിടിവി കാമറകൾ സ്ഥാപിച്ചത്. ഒപ്പം ജനൽ വാതിലുകളുടെ സുരക്ഷയും ബലപ്പെടുത്തി. പക്ഷേ ഇതൊന്നും മോഷ്ടാക്കളെ തടയാൻ പര്യാപ്തമായിരുന്നില്ലെന്നാണ് കവർച്ചയിലൂടെ വ്യക്തമായിരിക്കുന്നത്. വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളിൽ രണ്ടെണ്ണം മോഷ്ടാക്കൾ തല്ലിയൊടിക്കുകയും ഒരെണ്ണം മേലോട്ട് തിരിച്ചു വക്കുകയും ചെയ്തതിനുശേഷമായിരുന്നു മോഷണം നടത്തിയത്.
മൂന്ന് താഴുകളിട്ട് പൂട്ടിയ വാതിൽ തകർത്തായിരുന്നു മോഷ്ടാക്കളുടെ തേർവാഴ്ച. തിരക്കേറിയ ഡാണാപ്പടി കാർത്തികപ്പള്ളി റോഡിന്റെ ഓരത്താണ് മോഷണം നടന്ന വീട് സ്ഥിതി ചെയ്യുന്നത്. യത്രക്കാരുടേയോ സമീപവാസികളുടേയോ ശ്രദ്ധയിൽപെടാതെയാണ് മോഷണം നടത്തിയിട്ടുള്ളത്. വിദഗ്ദ്ധരായ മോഷ്ടാക്കൾ കൃത്യമായിട്ട് ആസൂത്രണത്തോടെയാണ് മോഷണം നടത്തിയിട്ടുള്ളതെന്നാണ് പോലീസ് നിഗമനം.
മോഷ്ടാക്കൾക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. മോഷ്ടാവിന്േറതെന്ന് തോന്നുന്ന ഭാഗികമായി മുഖം മറച്ച പടം സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മോഷണം നടന്ന വാതല്ലൂർ കോയിക്കൽ ഭാഗങ്ങളിൽ മോഷണം പതിവാണ്. സമീപകാലത്ത് ഇവിടെ ഒരു വീട്ടിൽ നിന്ന് 20 പവൻ ആഭരണങ്ങൾ മോഷ്ണം പോയിട്ടും തുന്പൊന്നും ലഭിച്ചിട്ടില്ല.
പോലീസ് നായയും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സർക്കിൾ ഇൻസ്പെക്ടർ റ്റി.മനോജ്, എസ്.ഐ.കെ.വി.ആനന്ദബാബു എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.