54 ദിവസം മുമ്പ് പള്ളിയില്‍ സംസ്കരിച്ച വയോധികയുടെ മൃതദേഹം കല്ലറയില്‍ നിന്നു മോഷ്ടിച്ചു, അന്വേഷണത്തിനൊടുവില്‍ മരിച്ച വൃദ്ധയുടെ വീട്ടില്‍ തന്നെ മൃതദേഹം! പിന്നില്‍ മകന്റെ കരങ്ങള്‍, ഞെട്ടിക്കുന്ന സംഭവം പത്തനാപുരത്ത്

2017may22deadbody54 ദിവസം മുമ്പ് പളളി സെമിത്തേരിയില്‍ അടക്കം ചെയ്ത വയോധികയുടെ മൃതദേഹം കാണാതായി. പത്തനാപുരം തലവൂര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണു സംഭവം. തലവൂര്‍ നടുത്തേരി ബേക്കച്ചാല്‍ മുകളുവിള വീട്ടില്‍ കുഞ്ഞേലി കുഞ്ഞപ്പി (88) യുടെ മൃതദേഹമാണ് കാണാതായത്. ഇന്നലെ രാവിലെ കുര്‍ബാനയ്ക്കത്തിയ വിശ്വാസികളിലൊരാളാണ് കല്ലറ തകര്‍ന്ന് ശവപ്പെട്ടി പുറത്തു കിടക്കുന്നതു കണ്ടത്. ഇദ്ദേഹം ദേവാലയ ഭാരവാഹികളെയും മറ്റും വിവരം അറിയിച്ച് തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണാതായി എന്നറിയുന്നത്.

കുന്നിക്കോട് പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ച കുഞ്ഞേലിയുടെ കുടുംബവീടിനോടു ചേര്‍ന്ന റബര്‍പുരയിടത്തില്‍നിന്നു മൃതദേഹ അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞേലിയുടെ മകന്‍ തങ്കച്ചനെ (55) പോലീസ് അറസ്റ്റു ചെയ്തു. മനോവൈകല്യമുള്ള ഇയാള്‍, അമ്മ മരിച്ചിട്ടില്ലെന്നും പറമ്പില്‍ ഉണ്ടെന്നുമാണ് പോലീസിനോടു പറഞ്ഞത്. ചാക്കിലാക്കിയ മൃതദേഹം തുടര്‍ന്നു പോലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു.

പ്രായാധിക്യത്തത്തുടര്‍ന്ന് അന്തരിച്ച കുഞ്ഞേലിയുടെ മൃതശരീരം മാര്‍ച്ച് 27 നാണ് പളളി സെമിത്തേരിയില്‍ അടക്കംചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷമായിരിക്കാം കല്ലറ തകര്‍ത്തതെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച വരെ മറ്റു കല്ലറകളില്‍ മെഴുകിതിരി കത്തിക്കാന്‍ വിശ്വാസികള്‍ എത്തിയിരുന്നു. തെളിവെടുപ്പിനുശേഷം വീട്ടുകാര്‍ക്കു വിട്ടുനല്‍കിയ ശരീരാവശിഷ്ടങ്ങള്‍ പളളി സെമിത്തേരിയില്‍ വീണ്ടും സംസ്കരിച്ചു. അടക്കംചെയ്ത മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പള്ളിക്കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Related posts