പ്രണയമെന്നാല്‍ റീ പാരന്റിംഗ് (വികലമായതോ അപൂർണമായതോ ആയ രക്ഷാകർതൃത്വം (childhood upbringing) മൂലം കുട്ടിക്കാലത്ത് ലഭിക്കാതെ പോയ സ്നേഹം, പരിചരണം, സുരക്ഷ എന്നിവ തെറാപ്പിയിലൂടെയോ സ്വയം പരിചരണത്തിലൂടെയോ മുതിർന്നവരിൽ പുനഃസ്ഥാപിക്കുന്ന പ്രക്രിയയെയാണ് ഇത് സൂചിപ്പിക്കുന്നത്) ആണെന്ന് നടി മൃണാള്‍ താക്കൂര്‍. പ്രണയബന്ധത്തിലുളളവര് പരസ്പരം വളര്‍ത്തിവലുതാക്കുകയാണ് ചെയ്യുന്നതെന്നും, പരസ്പരം ഈഗോ ഇല്ല, പ്രണയം മാത്രമേയുളളൂ എന്ന് പറയാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് പ്രണയബന്ധങ്ങള്‍ വളരണമെന്നും മൃണാള്‍ താക്കൂര്‍ പറയുന്നു.
‘പ്രണയം എന്നാല്‍ റീപാരന്റിംഗാണ്. കുട്ടിക്കാലത്തെ കുറെ മുറിവുകളും വേദനകളും ട്രോമകളും നമ്മള് ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. അമ്മ എപ്പോഴും മകനെ സ്നേഹിക്കും, കാരണം അത് അവരുടെ മകനാണ്. സഹോദരങ്ങളുടെ സ്നേഹവും അങ്ങനെ രക്തബന്ധത്തിന്റെ പുറത്താണ്. ജീവിതപങ്കാളി എന്നാല്‍ അങ്ങനെയല്ല. ഒരു ബന്ധവും അവര്‍ തമ്മിലില്ല.
നമ്മുടെ എല്ലാ നന്മകളും കുറ്റങ്ങളും കുറവുകളും അങ്ങനെ എല്ലാം അറിഞ്ഞും അതിനെയെല്ലാം അംഗീകരിച്ചുമാണ് ഒരു പാര്‍ട്ണര്‍ നമ്മളെ സ്നേഹിക്കുന്നത്. ഈഗോയ്ക്ക് പ്രണയത്തില്‍ വലിയ സ്ഥാനമുണ്ട്. എനിക്ക് നിന്നോട് ഈഗോ ഇല്ല, പ്രണയം മാത്രമേയുള്ളു എന്ന് പറയാനാകുന്ന സ്ഥിതിയിലേക്ക് പ്രണയബന്ധങ്ങൾ എത്തുന്ന നിമിഷങ്ങളുണ്ടാകും’- മൃണാൾ താക്കൂർ പറയുന്നു. തന്റെ പുതിയ ചിത്രമായ ദോ ദീവാനേ ഷെഹര്‍ മേം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു മൃണാലിന്റെ പ്രതികരണം.
‘പ്രണയം നിങ്ങളെ മികച്ചൊരു മനുഷ്യനാക്കി മാറ്റും. അത് നിങ്ങളുടെ ഉള്ളിലെ മുറിവേറ്റ കുട്ടിയെ സുഖപ്പെടുത്തുന്ന പ്രക്രിയ പോലെയാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നാണത്. പ്രണയം വളരെ മനോഹരമായ ഒരു വികാരമാണ്. ഈ ഭൂമിയിലുള്ള എല്ലാവർക്കും അത് സംഭവിക്കണം എന്നാണ് ഞാൻ കരുതുന്നത്’- മൃണാൾ വ്യക്തമാക്കി.
‘പ്രണയത്തിലാകുമ്പോൾ സ്ത്രീകൾ കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യുകയും സ്നേഹം നൽകുകയും ചെയ്യുമോ എന്ന ചോദ്യത്തിനോട് മൃണാൾ വിയോജിച്ചു. അങ്ങനെ നിർബന്ധമില്ല. പ്രണയിക്കുന്ന ആരും സ്നേഹം നൽകുന്നവരായിരിക്കും. സ്നേഹം നൽകുന്നതിനൊപ്പം അത് സ്വീകരിക്കാനും സാധിക്കണം. പ്രണയത്തിന്റെ നിർവചനങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. പ്രണയത്തിലാകുമ്പോൾ ലിംഗഭേദമില്ലാതെ തന്നെ പങ്കാളിക്കായി പല കാര്യങ്ങളും ചെയ്യും. അവിടെ നിങ്ങൾ പൂർണമായും കീഴടങ്ങുകയാണ്-‘ മൃണാൾ കൂട്ടിച്ചേർത്തു.
അതേസമയം നടന് ധനുഷുമായി താരം പ്രണയത്തിലാണെന്നും വാലന്റൈന്‍ ദിനത്തില്‍ ഇരുവരും വിവാഹം കഴിക്കുമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ പ്രതികരണങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്ല.
