കോട്ടയം: കുട്ടനാടന്‍ പുഞ്ചപാടങ്ങളില്‍ ആടിയുലയുന്ന സ്വര്ണക്കതിരുകളെ പ്രതീക്ഷയുടെ അടയാളമാക്കിയ കാര്ഷികവിസ്മയം ഡോ. എം.എസ്. സ്വാമിനാഥന് ഇന്ന് ജന്മശതാബ്ദി.ഹരിതവിപ്ലവത്തിലൂടെ പഞ്ചനദീതടങ്ങളില് അരിയും ഗോതമ്പും വിളയിച്ച് ഇന്ത്യന്‍ ജനതയുടെ പട്ടിണി മാറ്റിയ ഭാരതരത്നത്തെ കുട്ടനാടന്‍ ജനതയ്ക്കു മറക്കാനാവില്ല.
കുട്ടനാട് പാക്കേജിന് ഊടുംപാവും വരച്ചുകുറിക്കാന് കുമരകത്തും മങ്കൊമ്പിലും രാമങ്കരിയിലും ചമ്പക്കുളത്തുമൊക്കെ പൊരിവെയില് വകവയ്ക്കാതെ വള്ളം തുഴഞ്ഞെത്തിയ സ്വാമിനാഥനെ പടിഞ്ഞാറന്‍ പാടവാസികള് മറന്നില്ല. കര്‍ഷരെ കേള്‍ക്കാതെ, സര്‍ക്കാരിന്റെ പിടിപ്പുകേടും ഉദ്യോഗസ്ഥരുടെ പിഴിഞ്ഞെടുക്കലും കാരണം പദ്ധതികള്‍ പരാജയപ്പെട്ടതില്‍ കുട്ടനാടിന്റെ ഇതിഹാസകാരന് ഏറെ ദുഃഖിതനായിരുന്നു.
സ്വന്തം തറവാടായ കുട്ടനാട്ടിലെ നെല്ലറയെയും ജനതയെയും സംരക്ഷിക്കാനുള്ള വലിയ ഇടപെടലായിരുന്നു അത്. പുഴകളുടെയും തോടുകളുടെയും ആഴംകൂട്ടി പ്രളയം തടയണമെന്ന് അദ്ദേഹം പ്രഥമ നിര്‍ദേശം വച്ചെങ്കിലും അതു നടപ്പായില്ല. ആവര്‍ത്തിക്കുന്ന മഹാപ്രളയങ്ങളില്‍ കുട്ടനാടു മുങ്ങുമ്പോഴാണ് സ്വാമിനാഥന്റെ നിര്‍ദേശത്തിന്റെ വിലയും നിലയും തിരിച്ചറിയുന്നത്. സ്വര്‍ഗമാണ് കുട്ടനാടെന്നും മീനും കൃഷിയും ടൂറിസവും കോര്‍ത്തിണക്കിയാല്‍ ഇവിടം പറുദീസയാകുമെന്ന് സ്വാമിനാഥന് പറഞ്ഞിട്ടുണ്ട്.
സ്വാമിനാഥന് കമ്മിറ്റി കുട്ടനാട് പാക്കേജ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു നല്‍കുന്നത് 2008ലാണ്. പരിസ്ഥിതി പുനഃസ്ഥാപനവും ജീവനോപാധി സംരക്ഷണവും ലക്ഷ്യമിട്ട പാക്കേജ് 1840 കോടി രൂപയുടേതായിരുന്നു. മൂന്നു വര്‍ഷ പാക്കേജ് കാലാവധി 2016 വരെ നീട്ടിക്കൊടുത്തിട്ടും 750 കോടി മാത്രമാണു ചെലവഴിക്കാനായത്.
കുട്ടനാട്ടിലെ ഒരു ഹെക്ടര്‍ ജലാശയത്തില്‍ ഒരു വര്‍ഷം ഒരു ടണ്‍ മുതല്‍ 25 ടണ്‍ വരെ എക്കല്‍ അടിയുന്നതിനാല്‍ കുട്ടനാട് മുങ്ങുകയാണ്. ആലപ്പുഴ-ചങ്ങനാശേരി (എസി) കനാലിന്റെ നീളവും ആഴവും കൂട്ടല്‍, തണ്ണീര്‍മുക്കം ബണ്ടിന്റെയും വേമ്പനാടു കായലിന്റെയും തോടുകളുടെയും നവീകരണം, കൊച്ചാര്‍ തുറക്കല്‍ തുടങ്ങിയവയും പാക്കേജില്‍ വിഭാവനം ചെയ്തിരുന്നു. പക്ഷെ, പാക്കേജ് കതിരണിയാതെ കൂമ്പടഞ്ഞു.
അമ്പലപ്പുഴ രാജാവിന്റെ ക്ഷണം സ്വീകരിച്ച് തഞ്ചാവൂര്‍ കൊട്ടാരത്തില്‍ നിന്നെത്തിയ പണ്ഡിതനായ വെങ്കിടാചല അയ്യരുടെ പിന്തലമുറക്കാരനാ മങ്കൊമ്പ് മഠത്തിലെ എം.എസ്. സ്വാമിനാഥന്. ആഗോള കാര്‍ഷികരംഗത്ത് മഹാവിപ്ലവങ്ങള്‍ കാഴ്ചവച്ച സ്വാമിനാഥന് കുട്ടനാടിന്റെ മകനായി അറിയപ്പെടാന്‍ എന്നും ആഗ്രഹിച്ചു.
ഡോ. മങ്കൊമ്പ് സാംബശിവന്റെയും തങ്കത്തിന്റെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു സ്വാമിനാഥന്റെ ജനനം. മദ്രാസ് മെഡിക്കല്‍ കോളജില്‍നിന്നു ബിരുദം നേടിയ അച്ഛന് ഡോ. മങ്കൊമ്പ് കെ. സാംബശിവന് ആതുരസേവനം തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു. സ്വാമിനാഥന്റെ പ്രാഥമിക വിദ്യാഭ്യാസവും അവിടെയായിരുന്നു.
എല്ലാവര്‍ഷവും വേനലവധിക്കാലം മുത്തച്ഛന് കൃഷ്ണയ്യരുടെ മങ്കൊമ്പിലുള്ള കൊട്ടാരം വീട്ടില്‍ ചെലവഴിക്കാന്‍ എത്തിയിരുന്നു. കൃഷി വരുമാനവും കരുതലാകും വിധം ജന്നാടിനായുള്ള സ്വാമിനാഥന്റെ വലിയ ഉപകാര സമര്‍പ്പണമായിരുന്നു കുട്ടനാട് പാക്കേജ്.
- റെജി ജോസഫ്