കൊച്ചി: കാര്യമായ പണം കൈമാറ്റം നടക്കാത്ത, അടുത്തിടെ മാത്രം സജീവമായ ബാങ്ക് അക്കൗണ്ടില്‍ ഒരു ദിവസം അഞ്ചുലക്ഷം രൂപ എത്തുന്നു. പണം അക്കൗണ്ടില്‍ ക്രെഡിറ്റായി നിമിഷങ്ങള്‍ക്കകം അതു പിന്‍വലിക്കുന്നു. ഇതില്‍ അസ്വാഭാവികത തോന്നിയ പോലീസ് അക്കൗണ്ട് വിവരങ്ങള്‍ തേടി ഇറങ്ങി. അന്വേഷണത്തില്‍ ഇത് വാടക അക്കൗണ്ട് (മ്യൂള്‍ അക്കൗണ്ട്) ആണെന്ന് ഉറപ്പാക്കിയതോടെ വിശദമായ അന്വേഷണം.
ഒടുവില്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ആളിലേക്ക് എത്തിയതോടെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു. സ്വന്തം ബാങ്ക് അക്കൗണ്ട് തട്ടിപ്പ് സംഘത്തിനു നല്കിയ ശേഷം തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം തന്റെ അക്കൗണ്ട് വഴി കമ്മീഷന് വ്യവസ്ഥയില്‍ രാജ്യാന്തര തട്ടിപ്പ് സംഘത്തിനു കൈമാറി വരികയായിരുന്നു ഇയാള്‍. അക്കൗണ്ട് വാടകയ്ക്കു നല്കിയതാകട്ടെ കോളജ് വിദ്യാര്‍ഥിയും.
രാജ്യമാകെ വേരുറപ്പിച്ച സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പണം കൈമാറ്റത്തിനായി മ്യൂള്‍ അക്കൗണ്ടുകളെയാണു നിലവില്‍ ആശ്രയിക്കുന്നത്. പലപ്പോഴും ഇതിന്റെ നിയമവശം അറിയാത്തവരും പോക്കറ്റ് മണിക്കായി അക്കൗണ്ട് വാടകയ്ക്കു നല്കുന്ന വിദ്യാര്‍ഥികളുമാണ് കെണിയിലാകുന്നത്.
സമീപകാലത്തായി മ്യൂള്‍ അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നുണ്ട്. 18നും 25നും ഇടയില്‍ പ്രായമുള്ളവരാണ് ഇരകളില്‍ ഭൂരിഭാഗവുമെന്ന് കഴിഞ്ഞ മൂന്നു മാസംകൊണ്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
മുന്നറിയിപ്പുകള്‍ പലതു നല്കിയാലും പണം മോഹിച്ച് പലരും ഇപ്പോഴും തങ്ങളുടെ ബാങ്ക് അക്കൗണ്ട് വാടകയ്ക്കു നല്‍കുന്നുണ്ട്. പിടിക്കപ്പെടില്ലെന്ന ധാരണയാണ് ഇതിനു പ്രേരിപ്പിക്കുന്നതെങ്കില്‍ ഒരു കണക്ക് സൂചിപ്പിക്കാം. സംസ്ഥാനത്തെ പോലീസ് സേനയുടെ മുഴുവന്‍ വിഭാഗവും മൂന്നു മാസം മുമ്പ് ഒന്നിച്ച് ഒരു ഓപ്പറേഷന് ഇറങ്ങി.
അതീവ രഹസ്യമായി തുടര്‍ന്ന ആ ഓപ്പറേഷന് അവസാനിച്ചപ്പോള്‍ 380 കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്തത് 263 പേരെയാണ്. ഇതില്‍ ഭൂരിഭാഗം പേരും ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്കിയവരായിരുന്നു. ഓപ്പറേഷന് സൈ ഹണ്ട് എന്ന പേരില്‍ പോലീസ് അരംഭിച്ച പരിശോധന തുടര്‍ന്നു വരികയാണ്. ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള സൈബര്‍ തട്ടിപ്പിനിരയാകുന്നത് പ്രായമായവരാണെങ്കില്‍ മ്യൂള്‍ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളിൽ പെടുന്നത് യുവാക്കളാണ് ഏറെയും.
ജെറി എം. തോമസ്

