സിഗ്നല്‍ ലൈറ്റുകള്‍ മിഴിയടച്ചു: അപകടനടുവില്‍ മുനമ്പം അഴിമുഖം

munabamചെറായി: മത്സ്യബന്ധന യാനങ്ങള്‍ രാത്രികാലങ്ങളില്‍ ദിശ അറിഞ്ഞ് മുനമ്പം അഴിയിലൂടെ സുരക്ഷിതമായി കയറിപ്പറ്റാന്‍ പുലിമുട്ടുകളില്‍ സ്ഥാപിച്ചിരുന്ന  സിഗ്നല്‍ ലൈറ്റുകള്‍ മിഴിയടച്ചതോടെ അഴിമുഖത്ത് അപകടസാധ്യയേറിയിരിക്കുന്നതായി മത്സ്യതൊഴിലാളികളും അനുബന്ധമേഖലയിലുള്ളവരും ചൂണ്ടിക്കാട്ടി.

അഴിമുഖത്ത് അഴീക്കോട് ഭാഗത്തും മുനമ്പം ഭാഗത്തുമുള്ള രണ്ട് പുലിമുട്ടുകളില്‍ ഓരോ സിഗ്നല്‍ ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവ കഴിഞ്ഞ ആറുമാസമായി തെളിയുന്നില്ല. മുനമ്പത്തുനിന്നു വടക്കോട്ട് ചേറ്റുവ മുതല്‍  മംഗലാപുരം വരെയും തെക്കോട്ട് ആലപ്പുഴ മുതല്‍ കൊല്ലം വരെയും മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകളാണ് അധികവും. ഇവയെല്ലാം മത്സ്യബന്ധനം കഴിഞ്ഞ്   രാത്രികാലങ്ങളില്‍ തിരിച്ചെത്തുമ്പോള്‍ അഴിമുഖം മനസിലാക്കി മണ്‍കൂനകളില്‍ തട്ടാതെ ഓടിക്കയറി വരാനും മറ്റും ഉപകരിച്ചിരുന്നത് ഈ സിഗ്നല്‍ ലൈറ്റുകളാണ്.  എന്നാല്‍ ഇത് തെളിയാതെ വന്നതോടെ ഇവിടെ പല ബോട്ടുകളും ദിശ തെറ്റി ഓടിക്കയറുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.

ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിനാണ് സിഗ്നല്‍ ലൈറ്റുകളുടെ ചുമതല . ഇവര്‍ക്കും വിഷയം അറിയാമെങ്കിലും ഗൗരവത്തിലെടുത്തിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.

Related posts