മുണ്ടക്കയം: കാഞ്ഞിരപ്പള്ളി എക്സൈസിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേരെ പിടികൂടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സനൂജ് (42), സഹായി കൂവപ്പള്ളി സ്വദേശി ശ്രീജിത്ത് (40) എന്നിവരെയാണ് ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ആക്രി വ്യാപാരവും ഇറച്ചിക്കച്ചവടവും നടത്തിവരികയാണ് സനൂജും സഹായി ശ്രീജിത്തും. തമിഴ്നാട്ടിൽനിന്നു മാടുകളെ കൊണ്ടുവരുന്നതിന്റെ മറവിൽ വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനായ സനൂജിനെ കുറച്ചു നാളുകളായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. മുന്പ് പലതവണ പോലീസിനെയും എക്സൈസിനെയും വെട്ടിച്ചു കടന്നുകളഞ്ഞ സനൂജിനെയും ശ്രീജിത്തിനെയും അതിസാഹസികമായിട്ടാണ് കാഞ്ഞിരപ്പള്ളി എക്സൈസ് പിടികൂടിയത്.
മറ്റൊരിടത്ത് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ ഒരുഗ്രാം എംഡിഎംഎയുമായി മുണ്ടക്കയം പൈങ്ങണ സ്വദേശി ഷാഹിൻ സലാമിനെ (22) പിടികൂടിയത്. യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും പ്രധാന ലഹരി വിതരണക്കാരനാണ് പിടിയിലായ ഷാഹിൻ സലാം. ഇയാൾ മുന്പ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്.
കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. സുരേഷ്കുമാർ, ഇ.സി. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, കെ.വി. വിശാഖ്, സനൽ മോഹൻദാസ്, രമേഷ് രാമചന്ദ്രൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.വി. ജോഷി എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി.

