കോട്ടയം: കേരള കോണ്‍ഗ്രസിലായിരുന്ന കാലത്ത് പി.സി. ജോര്‍ജുമായി വി.എസ്. അച്യുതാനന്ദനു വലിയ അടുപ്പമുണ്ടായിരുന്നു. കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ ഇരയുടെ നീതിക്കായും മതികെട്ടാന്‍ അഴിമതി, മൂന്നാര്‍ കൈയേറ്റം വിഷയങ്ങളിലും വി.എസിനൊപ്പം പോരാടാന്‍ ജോര്‍ജുണ്ടായിരുന്നു. പി.സി. ജോര്‍ജിന്റെ മണ്ഡലമായിരുന്ന പൂഞ്ഞാറില്‍ വി.എസിന്റെ ഒളിവുജീവിതത്തിനിടെ പോലീസ് പിടിയിലായപ്പോള്‍ ഇടിയന് വാസുപിള്ളയുടെ നേതൃത്വത്തില്‍ കടുത്ത മര്‍ദനമാണ് വി.എസിനു നേരിടേണ്ടി വന്നത്.
അന്ന് തോക്കിന്റെ ബയണറ്റുകൊണ്ട് ഉള്ളംകാല് അടിച്ചുപൊട്ടിച്ചിരുന്നു. പി.സി. ജോര്‍ജ് ഒരിക്കല്‍ വി.എസിന്റെ അടുത്തെത്തിയപ്പോള്‍ ബയണറ്റ് കുത്തിയിറക്കി കാല് തകര്‍ത്തു എന്നു പറയുന്നത് നേരോ എന്നു ചോദിച്ചു.ഇരിപ്പിടത്തില്‍നിന്നും കാല് മേശപ്പുറത്തേക്ക് കയറ്റിവച്ചു കാലിലെ പാടുകള്‍ വി.എസ് കാണിച്ചുകൊടുത്തതായി പി.സി. ജോര്‍ജ് ഓര്‍മിച്ചു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജ് സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തണമെന്ന് വി.എസിനു പാര്‍ട്ടി നിര്‍ദേശം നല്കി.ഇതോടെ പി.സി. ജോര്‍ജിനെതിരേ പ്രസംഗിക്കാന്‍ വി.എസിനു വല്ലാത്ത ബുദ്ധിമുട്ട്. വി.എസ് പി.സി. ജോര്‍ജിനെ വിളിച്ച് എവിടെയാടോ പ്രസംഗിക്കേണ്ടത്, എന്താണ് പ്രസംഗിക്കേണ്ടതെന്ന് ചോദിച്ചു. അപ്പോള്‍ ഇഷ്ടമുള്ളത് പ്രസംഗിച്ചോ, വരുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ജോര്‍ജ് പറഞ്ഞു.
മുണ്ടക്കയത്ത് പ്രസംഗിക്കാനെത്തിയ വി.എസ് പ്രസംഗത്തിനൊടുവില്‍ പി.സിക്ക് വോട്ടു ചെയ്യാന്‍ അഭ്യര്‍ഥിച്ചു.പി.സി. ജോര്‍ജാണോ പി.സി. ജോസഫാണോ എന്നു പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നീട്ടിയും കുറുക്കിയും തനതു ശൈലിയില്‍ അതു നിങ്ങള്‍ക്ക് അറിയാമല്ലോ എന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു. വി.എസിന്റെ അന്നത്തെ പ്രസംഗം വലിയ വിവാദമായി മാറി.