തൊടുപുഴ: മൂലമറ്റം-വാഗമണ് റൂട്ടില് വിനോദസഞ്ചാരികള് യാത്ര ചെയ്ത കാര് കത്തി നശിച്ചു. പുള്ളിക്കാനത്തിന് സമീപം നല്ലതണ്ണിയില് ഇന്നലെ രാത്രി 10.40 നായിരുന്നു സംഭവം. തൊടുപുഴ അരിക്കുഴ സ്വദേശി ആശാരിമാട്ടേല് രാജ് കൃഷ്ണയുടെ ഡസ്റ്റര് കാറാണ് കത്തി നശിച്ചത്. അദ്ദേഹവും മൂന്ന് സുഹൃത്തുക്കളും വാഗമണ് സന്ദര്ശിച്ച ശേഷം തിരികെ വരുന്ന സമയത്താണ് വാഹനത്തിന് തീപിടിച്ചത്.
സംഭവം ശ്രദ്ധയില്പ്പെട്ട യാത്രക്കാര് വാഹനത്തില് നിന്നു പുറത്തിറങ്ങി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. മൂലമറ്റത്തു നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര് ബിജു സുരേഷ് ജോര്ജിന്റെ നേതൃത്വത്തില് അഗ്നി രക്ഷാസേന സ്ഥലത്തെത്തി.
പ്രധാന പാതയില് നിന്ന് ഒരു കിലോമീറ്ററിലധികം ദൂരത്തുള്ള ഇടുങ്ങിയ റോഡില് വച്ചാണ് കാറിന് തീ പിടിച്ചത്. ഇവിടേക്കു ഫയര്ഫോഴ്സ് വാഹനം എത്താന് കഴിഞ്ഞില്ല. അതിനാല് ജീവനക്കാര് സേനയുടെ ജീപ്പില് പത്തോളം ഫയര് എക്സ്റ്റിംഗ്യൂഷറുമായി തീപിടിച്ച വാഹനത്തിന് സമീപമെത്തി തുടര്ച്ചയായി പ്രവര്ത്തിപ്പിച്ച് തീ അണയ്ക്കുകയായിരുന്നു.
തീ പിടിച്ചപ്പോള്ത്തന്നെ എല്ലാവരും പുറത്തിറങ്ങിയെങ്കിലും ഒരാളുടെ മൊബൈല് ഫോണ് വാഹനത്തില് ആയിരുന്നതിനാല് അതും കത്തിനശിച്ചു. സീനിയര് ഫയര് ആന്റ് റെസ്ക്യു ഓഫീസര്മാരായ ടി.പി.ബൈജു , ബിബിന് എ.തങ്കപ്പന് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.