മലപ്പുറം: എടക്കരയിൽ ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ അയൽവാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിൽ സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. 2024 നവംബറിലാണ് രതീഷിനെ ഇവർ നഗ്നനാക്കി മര്‍ദിച്ചത്.
സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. ഇതിനു പിന്നാലെ രതീഷ് ജീവനൊടുക്കുകയായിരുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിനു പിന്നിൽ അയൽവാസിയായ സിന്ധു ഉൾപ്പെടെ നാലംഗസംഘം ആണെന്ന ആരോപണമാണ് ഉയര്‍ന്നത്.
മകനെ വീട്ടിലേക്കു വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും സഹോദരൻ രാജേഷും ആരോപിച്ചത്. ജൂൺ 11നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ രതീഷിനെ കണ്ടെത്തിയത്.
ഡല്‍ഹിയില്‍ വ്യവസായിയായിരുന്നു രതീഷ്. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയൽവാസിയായ സിന്ധു തന്ത്രപൂർവം രതീഷിനെ വീട്ടിനുള്ളിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. വീട്ടിൽവച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേർന്ന് നഗ്നനാക്കി.
വിവസ്ത്രനായി നിൽക്കുന്ന രതീഷിനൊപ്പം യുവതി കൂടെനിന്ന് ഫോട്ടോ എടുത്തു. 2 ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടത്. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാർക്കും അയച്ചുനൽകി. ഇതോടെ നാണക്കേട് താങ്ങാനാവാതെയാണ് ഇയാൾ ജീവനൊടുക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

